ലണ്ടന്‍: ഇംഗ്ലണ്ടിന്റെ യുവതാരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന് പരിക്ക്. ഓസ്ട്രിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങിയപ്പോഴാണ് താരത്തിന് പരിക്കേറ്റത്. ഇടത്തേ തുടയ്ക്ക് പരിക്കേറ്റ താരത്തിന് യൂറോ കപ്പിലെ മത്സരങ്ങള്‍ പൂര്‍ണമായും നഷ്ടമാകും.

ഓസ്ട്രിയയ്‌ക്കെതിരായ മത്സരത്തിനുശേഷം നടക്കാന്‍ പോലും താരത്തിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പരിക്ക് ഗുരുതരമായതോടെ 22 കാരനായ ലിവര്‍പൂള്‍ താരത്തിന് ആറാഴ്ച വിശ്രമം വേണ്ടിവരും. 

അര്‍ണോള്‍ഡിന് പരിക്കേറ്റത് ഇംഗ്ലണ്ടിന് വലിയ ആഘാതമാണ് സമ്മാനിച്ചിരിക്കുന്നത്. ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. യൂറോകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, സ്‌കോട്ട്‌ലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരേയാണ് ഇംഗ്ലണ്ട് മത്സരിക്കേണ്ടത്.

ജൂണ്‍ 13 ന് ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയ്‌ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. താരസമ്പന്നമായ ഇംഗ്ലണ്ട് ടീമില്‍ അര്‍ണോള്‍ഡിന് പകരമായി പ്രതിരോധനിരയില്‍ ആരെയാണ് കോച്ച് സൗത്ത്‌ഗേറ്റ് കണ്ടെത്തുക എന്നറിയാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പ്രതിരോധതാരമാണെങ്കിലും ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് അര്‍ണോള്‍ഡ്. ടീമിലെ മറ്റ് താരങ്ങളായ ഹാരി മഗ്വയര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ജാക്ക് ഗ്രീലിഷ് തുടങ്ങിയവരെല്ലാം പരിക്കിന്റെ നിഴലിലാണ്. ഇത്തവണ യൂറോകപ്പ് കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്.

Content Highlights: England's Trent Alexander-Arnold ruled out of Euro 2020 with thigh injury