ബുദാപെസ്റ്റ്: ഹംഗറിക്കെതിരേ വ്യാഴാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് ഹംഗറി ആരാധകര്‍.

ബുദാപെസ്റ്റിലെ പുഷ്‌കാസ് അരീനയില്‍ ഇംഗ്ലണ്ട് 4-0ന് ജയിച്ച മത്സരത്തില്‍ റഹീം സ്റ്റെര്‍ലിങ് അടക്കമുള്ള താരങ്ങളെയാണ് ഹംഗറി ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചത്. 

ഇംഗ്ലണ്ട് താരങ്ങളായ റഹീ സ്റ്റെര്‍ലിങ്ങിനെയും പകരക്കാരനായി കളത്തിലിറങ്ങിയ ജൂഡ് ബെല്ലിങ്ഹാമിനെയും കാണികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്ഷേപിച്ചതായി ഐ ടിവിയുടെയും സ്‌കൈ സ്‌പോര്‍ട്‌സിന്റെയും പിച്ച്‌സൈഡ് റിപ്പോര്‍ട്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

കളിക്ക് മുമ്പ് ഇംഗ്ലണ്ട് താരങ്ങള്‍ വംശവിരുദ്ധതയ്‌ക്കെതിരേ മൈതാനത്ത് മുട്ടുകുത്തിയിരുന്നപ്പോഴും സ്‌റ്റേഡിയത്തില്‍ നിന്ന് കൂക്കിവിളികള്‍ ഉയര്‍ന്നിരുന്നു. 

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഗോള്‍ നേടിയ ശേഷം കോര്‍ണര്‍ ഫ്‌ളാഗിനനടുത്തെത്തി ഗോള്‍ നേട്ടം ആഘോഷിച്ച സ്‌റ്റെര്‍ലിങ്ങിനു നേരെ ഹംഗറി ആരാധകര്‍ പ്ലാസ്റ്റിക്ക് കപ്പുകള്‍ വലിച്ചെറിയുകയും ചെയ്തു. 

പുഷ്‌കാസ് അരീനയില്‍ ജൂണില്‍ നടന്ന യൂറോകപ്പ് മത്സരത്തിനിടെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപങ്ങളും സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച മോശം പരാമര്‍ശങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് ഹംഗറിയോട് അടുത്ത രണ്ട് മത്സരങ്ങള്‍ ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ യുവേഫ നേരത്തെ ഉത്തരവിട്ടിരുന്നു. 

അതേസമയം, ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരേ നടന്ന അധിക്ഷേപത്തിനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ഫിഫയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

Content Highlights: England players targeted with racial abuse by Hungary fans