ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിൽ മനോഹര സേവുമായി ആഴ്സണൽ ഗോൾകീപ്പർ എമിലിയാനൊ മാർട്ടിനെസ്. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിലായിരുന്നു അർജന്റീനക്കാരനായ ഗോൾകീപ്പറുടെ ഈ സേവ്. അലക്സാണ്ടർ അർനോൾഡിന്റെ ലോങ് റേഞ്ച് ഷോട്ട് മാർട്ടിനെസ് ഒരു മുഴുനീള ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.

അർനോൾഡിന്റെ ഷോട്ട് ആഴ്സണൽ താരത്തിന്റെ കാലിൽ തട്ടിയിരുന്നെങ്കിലും പന്ത് വലയിലെത്തുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ മാർട്ടിനെസ് രക്ഷകനായി. ലീഗ് അവസാനിക്കുന്നതിന് മുമ്പുതന്നെ ചാമ്പ്യൻമാരായ ലിവർപൂളിനെ ആഴ്സണൽ 2-1ന് പരാജയപ്പെടുത്തുകയും ചെയ്തു. ഈ ഷോട്ട് ഗോളായിരുന്നെങ്കിൽ മത്സരം 2-2ന് സമനിലയിൽ അവസാനിക്കുമായിരുന്നു.

ഈ സേവിന്റെ വീഡിയോ ആഴ്സണൽ തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ആഴ്സണലിന്റെ ഒന്നാംനമ്പർ ഗോൾകീപ്പർ ബേൺസ് ലെനോയ്ക്ക് പരിക്കേറ്റതോടെയാണ് 28-കാരനായ മാർട്ടിനെസിന് അവസരം ലഭിച്ചത്. കിട്ടിയ അവസരം മാർട്ടിനെസ് ഉപയോഗപ്പെടുത്തുകയും ചെയ്തു.

 

 
 
 

Content Highlights: Emiliano Martinezs incredible Arsenal save vs Liverpool