Photo: AP, dogsbestlife.com
ലണ്ടന്‍: ലോകകപ്പ് മെഡല്‍ മോഷണം പോകാതിരിക്കാന്‍ കാവലിനായി 20,000 യൂറോ (19 ലക്ഷം രൂപ) വിലവരുന്ന നായയെ വാങ്ങി അര്‍ജന്റീനയുടെ സൂപ്പര്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്.
ബ്രിട്ടന്റെ സ്പെഷല്‍ എയര്‍ സര്‍വീസും (എസ്.എ.എസ്) യുഎസ്. നേവിയും തങ്ങളുടെ ഏറ്റുമുട്ടല്‍ മേഖലകളില്‍ ഉപയോഗിക്കുന്ന ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പ്പെട്ട നായയെയാണ് മാര്‍ട്ടിനസ് 19 ലക്ഷം വാരിയെറിഞ്ഞ് സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയുടെ ഗോള്‍കീപ്പറായ മാര്‍ട്ടിനസ് വെസ്റ്റ് മിഡ്ലന്ഡിലാണ് താമസം.
ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് മാര്‍ട്ടിനസ്. ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവും താരത്തിനായിരുന്നു.
യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളില്‍ പലരും അടുത്തിടെ കൊള്ളയടിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറിവരുന്നതിനിടെയാണ് മാര്‍ട്ടിനസിന്റെ ഈ നടപടി. ഖത്തര്‍ ലോകകപ്പിനിടെ ആയുധ ധാരികളായ അക്രമികള്‍ ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ്ങിന്റെ വീട് ആക്രമിച്ചിരുന്നു. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ കളിക്കുന്ന സമയത്ത് പിയറി ഔബമേയങ്ങിനെയും കുടുംബത്തെയും അക്രമികള്‍ തോക്കിന്‍മുനയില്‍നിര്‍ത്തി സേഫ് തുറപ്പിച്ച് ആഭരണങ്ങളുമായി കടന്നിരുന്നു. ചെല്‍സി കോച്ചും മുന്‍ ഇംഗ്ലണ്ട് താരവുമായ് ഫ്രാങ്ക് ലാംപാര്‍ഡിന്റെ വീട്ടിലും മൂന്നുവട്ടം അക്രമികള്‍ കയറി. ആഭരണശേഖരം അപ്പാടെ കൊണ്ടുപോയി. ബെന്‍ഫിക്കയുടെ ഡിഫന്‍ഡര്‍ നിക്കൊളാസ് ഒട്ടാമെന്‍ഡി 2021 ഡിസംബറില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു.
2022 ജനുവരിയില്‍ ബ്രെന്റ്ഫോഡിനെതിരായ മത്സരം കളിച്ചുകൊണ്ടിരിക്കെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സ്വീഡിഷ് താരം വിക്ടോര്‍ ലിന്ഡലോഫിന്റെ ലണ്ടനിലെ വസതിയില്‍ കൊള്ളക്കാരെത്തിയത്. അക്രമികള്‍ അകത്തുകയറുംമുമ്പേ താരത്തിന്റെ ഭാര്യയും രണ്ടു മക്കളും പ്രത്യേകം തയ്യാറാക്കിയ ഒരു മുറിയില്‍ക്കയറി കുറ്റിയിട്ടു. പേടിച്ചുമരിച്ചുപോകുന്ന അവസ്ഥയിലായിരുന്നെന്ന് താരത്തിന്റെ ഭാര്യ മാജ പിന്നീട് പറഞ്ഞു.ഡിസംബറില്‍ മാഞ്ചെസ്റ്റര്‍ സിറ്റി താരം ജോവോ കാന്ലസലോയുടെ മാഞ്ചെസ്റ്ററിലെ വീട്ടില്‍ കൊള്ളസംഘമെത്തി. ഭാര്യയുടെയും മകളുടെയും മുന്നില്‍വെച്ച് ആക്രമിച്ചു.
Content Highlights: Emiliano Martinez splashed 20000 euro on a guard dog in order to protect his World Cup medal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..