കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് മികച്ച തുടക്കമാണ് കേരളം നേടിയത്. കഴിഞ്ഞ തവണ സന്തോഷ് ട്രോഫി യോഗ്യത പോലും നേടാന്‍ സാധിക്കാതെ തലതാഴ്ത്തി മടങ്ങിയ ടീമിന് നഷ്ടപ്പെട്ട ആരാധകരെ ചൊവ്വാഴ്ചത്തെ ഒരു മത്സരത്തിലൂടെ തന്നെ തിരികെ ലഭിച്ചിരിക്കുകയാണ്.
വയനാട്ടുകാരന്‍ എമില്‍ ബെന്നി എന്ന 19-കാരനാണ് ഇരട്ട ഗോളുകളോടെ കേരളത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ നിരന്തരം ആന്ധ്ര ഗോള്‍മുഖത്തേക്ക് ആക്രമിച്ചു കയറിയ കേരളത്തിന് പക്ഷേ ആദ്യ ഗോള്‍ നേടാന്‍ 44-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു. 37-ാം മിനിറ്റില്‍ കോച്ച് ബിനോ ജോര്‍ജ് നടത്തിയ ഒരു മാറ്റമാണ് കേരളത്തിന്റെ മത്സരഫലത്തെ തന്നെ സ്വാധീനിച്ചത്. വിഷ്ണുവിന് പകരം കോച്ച് എമില്‍ ബെന്നിയെ കളത്തിലിറക്കി. അതോടെ കളിയുടെ ഗതി തന്നെ മാറുകയായിരുന്നു.
തന്റെ തുറുപ്പുചീട്ടെന്നാണ് എമിലിനെ കോച്ച് ബിനോ ജോര്‍ജ് മത്സര ശേഷം വിശേഷിപ്പിച്ചത്. മികച്ച വേഗമുള്ള താരമായ എമിലിന് ഏതുസമയത്തും ഏതു ഡിഫന്‍ഡറെയും കടന്ന് മുന്നേറാന്‍ സാധിക്കുമെന്ന കോച്ചിന്റെ വിലയിരുത്തല്‍ തെറ്റിയില്ലെന്ന് എമില്‍ കളത്തില്‍ കാണിച്ചു തന്നു.

37-ാം മിനിറ്റിലെ എമിലിന്റെ വരവോടെയാണ് കേരളം ആന്ധ്രയുടെ ഡെഡ്‌ലോക്ക് പൊട്ടിച്ചത്. രണ്ടാം പകുതിയില്‍ 10 മിനിറ്റിനുള്ളില്‍ മികച്ച രണ്ട് ഗോളുകള്‍ നേടാനും എമിലിനായി. പന്ത് കിട്ടുമ്പോഴെല്ലാം എമില്‍ ആന്ധ്ര ഡിഫന്‍ഡര്‍മാരെ പ്രതിരോധത്തിലാക്കി. ആന്ധ്ര അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞത് എമിലിന്റെ വരവോടെയാണ്.
കേരളത്തിന്റെ ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സിയുടെ താരമായ എമിലിന്റെ ആദ്യ മേജര്‍ ടൂര്‍ണമെന്റാണിത്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കല്‍പ്പറ്റ സെപ്റ്റിലൂടെയാണ് ഫുട്‌ബോളിന്റെ ലോകത്തേക്ക് എമില്‍ എത്തിപ്പെടുന്നത്. 10-ാം ക്ലാസുവരെ സെപ്റ്റില്‍ തുടര്‍ന്ന എമില്‍ തുടര്‍ പഠനത്തിനായി എത്തിപ്പെട്ടത് മലപ്പുറത്തെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ എം.എസ്.പി സ്‌കൂളിലായിരുന്നു.
ഇപ്പോള്‍ കോതമംഗലം എം.എ കോളേജില്‍ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് എമില്‍. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അണ്ടര്‍ 18 ടീമിലും കളിച്ചിട്ടുണ്ട് ഈ വയനാട്ടുകാരന്‍. വയനാട് കല്‍പ്പറ്റ തൃക്കൈപ്പറ്റ നെല്ലിമാളം സ്വദേശിയാണ്. കുളക്കുറ്റിയില്‍ ബെന്നി - കവിത ദമ്പതികളുടെ മകനാണ് എമില്‍. അഭിന്‍ ബെന്നിയാണ് സഹോദരന്‍.
Content Highlights: Emil Benny the trump card