ലണ്ടൻ: ചെൽസിയെ തോൽപ്പിച്ച് എഫ്.എ കപ്പ് കിരീടം സ്വന്തമാക്കി ആഴ്സണൽ. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു പീരങ്കിപ്പടയുടെ ജയം. ആഴ്സണലിന്റെ 14-ാം എഫ്.എ കപ്പ് കിരീടമാണിത്.

ഇരട്ട ഗോളുമായി തിളങ്ങിയ എമറിക് ഒബമെയാങ്ങാണ് ആഴ്സണലിന്റെ വിജയശിൽപി. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ആഴ്സണലിനെ ഞെട്ടിച്ച് ചെൽസിയാണ് മുന്നിലെത്തിയത്. ഒളിവർ ജിറൂദിന്റെ പാസ് വലയിലെത്തിച്ച് ക്രിസ്റ്റ്യൻ പുലിസിച്ചാണ് ലാംപാർഡിന്റെ പടയെ മുന്നിലെത്തിച്ചത്. എന്നാൽ 28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഒബമെയാങ് ആഴ്സണലിനെ ഒപ്പമെത്തിച്ചു. 67-ാം മിനിറ്റിൽ അദ്ദേഹം തന്നെ പീരങ്കിപ്പടയുടെ വിജയഗോളും നേടി.

73-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് കൊവാച്ചിച്ച് പുറത്തായതും നീലപ്പടയ്ക്ക് തിരിച്ചടിയായി.

ആഴ്സണലും ചെൽസിയും എഫ്.എ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇത് മൂന്നാം തവണയാണ്. മൂന്നു തവണയും ജയം ആഴ്സണലിനൊപ്പവും. 2002, 2017 വർഷങ്ങളിലാണ് ഇരുവരും ഇതിനു മുമ്പ് എഫ്.എ കപ്പ് ഫൈനലിൽ മുഖാമുഖം വന്നത്.

2019 -ലെ യുവേഫ യൂറോപ്പ ലീഗ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനും ഇതോടെ ആഴ്സണലിനായി. ആഴ്സണലിനൊപ്പം പരിശീലകൻ മൈക്കൽ അർട്ടേറ്റയുടെ ആദ്യ കിരീടമാണിത്. 2014, 2015 വർഷങ്ങളിൽ എഫ്.എ കപ്പ് നേടിയ ആഴ്സണൽ ടീമിൽ അംഗമായിരുന്നു ആർട്ടേറ്റ.

ആഴ്സണലിനെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു ഈ ഫൈനൽ. കാരണം കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യമായാണ് പീരങ്കിപ്പട പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ ആദ്യ ആറിൽ നിന്ന് പുറത്താകുന്നത്. അതിനാൽ തന്നെ യുറോപ്പ ലീഗിൽ ഇടംനേടാൻ അവർക്ക് എഫ്.എ കപ്പ് ജയം ആവശ്യമായിരുന്നു.

Content Highlights: Emerick Aubameyang scores twice Arsenal wins FA Cup final against Chelsea