മാഡ്രിഡ്: സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയിലും ജയവുമായി റയല്‍ മാഡ്രിഡ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തിയത്. 

കഴിഞ്ഞ മൂന്ന് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും ബാഴ്‌സയ്ക്ക് തോല്‍വിയായി ഫലം. 

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ കരീം ബെന്‍സേമയിലൂടെ റയല്‍ മുന്നിലെത്തി. 28-ാം മിനിറ്റില്‍ ടോണി ക്രൂസ് റയലിന്റെ ലീഡുയര്‍ത്തി. 60-ാം മിനിറ്റില്‍ ഓസ്‌കാര്‍ മിന്‍ഗ്വെസയാണ് ബാഴ്‌സയുടെ ഏക ഗോള്‍ നേടിയത്. 2021-ല്‍ ബാഴ്‌സ നേരിടുന്ന ആദ്യ തോല്‍വിയാണിത്. 

ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയേയും റയല്‍ വിദഗ്ധമായി പൂട്ടി. ഇതോടെ മെസ്സി സ്‌കോര്‍ ചെയ്യാത്ത തുടര്‍ച്ചയായ ഏഴാം എല്‍ ക്ലാസിക്കോയാണ് കഴിഞ്ഞുപോകുന്നത്. 

ജയത്തോടെ ലാ ലിഗ പോയന്റ് പട്ടികയില്‍ 66 പോയന്റോടെ ഒന്നാമതെത്താനും റയലിനായി. ഒരു മത്സരം കുറവ് കളിച്ച അത്‌ലറ്റിക്കോ മാഡ്രിഡിനും 66 പോയന്റുണ്ട്. 65 പോയന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്താണ്.

Content Highlights:  El Clasico 2021 Real Madrid win over Barcelona