മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ എട്ടാം ജയവുമായി റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടത്തോട് അടുത്തു. കോവിഡ്-19 ലോക്ക്ഡൗണിനു പിന്നാലെ ലീഗ് പുനഃരാരംഭിച്ച ശേഷം റയല്‍ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്.

അലാവസിനെതിരായ എവേ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് സിദാന്റെ കുട്ടികള്‍ ജയിച്ചു കയറിയത്. റയലിന്റെ തുടര്‍ച്ചയായ അഞ്ചാം ക്ലീന്‍ ഷീറ്റായിരുന്നു ഇത്. ലാ ലിഗ കിരീടം നിലനിര്‍ത്തുകയെന്ന ബാഴ്സലോണയുടെ പ്രതീക്ഷകള്‍ക്കും റയലിന്റെ ജയത്തോടെ മങ്ങലേറ്റു.

11-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കരീം ബെന്‍സേമയാണ് റയലിനെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോ അവരുടെ ഗോള്‍ പട്ടിക തികച്ചു.

കിരീടമില്ലാതെ പോയ കഴിഞ്ഞ മൂന്നു സീസണുകള്‍ക്കു ലാ ലിഗ ജേതാക്കളാകാന്‍ ഒരുങ്ങുകയാണ് റയല്‍. ലീഗില്‍ മൂന്നു മത്സരങ്ങള്‍ മാത്രം ശേഷിക്കെ 35 കളികളില്‍ നിന്ന് 80 പോയന്റുമായി റയല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമതുള്ള ബാഴ്‌സയ്ക്ക് 76 പോയന്റാണുള്ളത്.

ഇനിയുള്ള മൂന്നു മത്സരങ്ങളില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ റയല്‍ കിരീടമുയര്‍ത്തും. ബാഴ്‌സയ്ക്കാകട്ടെ റയല്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ തോല്‍ക്കുന്നതിനൊപ്പം എല്ലാ മത്സരങ്ങളിലും ജയിക്കുകയും വേണം. റയലിന്റെ നിലവിലെ ഫോം പരിഗണിച്ചാല്‍ ബാഴ്‌സയുടെ കിരീട മോഹം ഏറെക്കുറേ അവസാനിച്ചു എന്നു പറയാം.

Content Highlights: eighth win in a row Real Madrid can almost touch la liga title