ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലീഷ് ലീഗ് കപ്പ് ആദ്യ പാദ സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. ഹള്‍സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ജുവാന്‍ മാട്ടയാണ് യുണൈറ്റഡിന് ലീഡ് സമ്മാനിച്ചത്‌. 56-ാം മിനിറ്റില്‍ ഹെന്റിക് മകിതാരിയനിന്റെ ക്രോസില്‍ ജുവാന്‍ മാട്ട ലക്ഷ്യം കാണുകയായിരുന്നു.

കളി തീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ ഫെല്ലെയ്‌നി യുണൈറ്റഡിന്റെ രണ്ടാം ഗോളും നേടി. ഡര്‍മിയാന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെയാണ് ഫെല്ലെയ്‌നി ഗോള്‍ കണ്ടെത്തിയത്. 

ജനുവരി 28 ന് ഹള്‍സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് രണ്ടാം പാദ സെമിഫൈനല്‍ നടക്കുക. സതാംപ്റ്റണും ലിവര്‍പൂളും തമ്മിലാണ് മറ്റൊരു സെമിഫൈനല്‍ മത്സരം.