ലണ്ടന്‍: ലിവര്‍പൂളും ആഴ്‌സണലും തമ്മില്‍ നടന്ന കറബാവോ കപ്പ് (ഇ.എഫ്. എൽ കപ്പ്) ഫുട്‌ബോളില്‍ പിറന്നത് മൊത്തം പത്ത് ഗോള്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും അഞ്ച് ഗോള്‍ വീതമടിച്ച് സമനിലയിലായ മത്സരത്തില്‍ ഒടുവില്‍ ലിവര്‍പൂള്‍ വിജയിച്ച് ക്വാര്‍ട്ടറിലെത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍. പകുതി സമയത്ത് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സണലായിരുന്നു മുന്നില്‍. ഷൂട്ടൗട്ടില്‍ നാലിനെതിരേ അഞ്ച് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. ഡാനി സെബല്ലോയുടെ ഷോട്ട് തടഞ്ഞ ഗോള്‍കീപ്പര്‍ കെല്ലെറാണ് ലിവര്‍പൂളിന് ജയം സമ്മാനിച്ചത്.

അഞ്ചാം മിനിറ്റില്‍ മുസ്തഫിയുടെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂളാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് ഒരിക്കല്‍ പോലും മത്സരത്തിൽ ലിവര്‍പൂളിന് ലീഡെടുക്കാൻ കഴിഞ്ഞിരുന്നില്ല. പത്തൊന്‍പതാം മിനിറ്റില്‍ ടൊറെയ്‌റയാണ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചത്. 26, 36 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് മാര്‍ട്ടിനെല്ലി ആഴ്‌സണലിന്റെ ലീഡുയർത്തി. ആഴ്‌സണലിനുവേണ്ടി ഏഴാം മത്സരം കളിക്കുന്ന മാര്‍ട്ടിനെല്ലിയുടെ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്.

എന്നാല്‍, നാല്‍പത്തിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മില്‍നര്‍ ലിവര്‍പൂളിനുവേണ്ടി ഒരു ഗോള്‍ മടക്കി. അമ്പത്തിനാലാം മിനിറ്റില്‍ മൈറ്റ്‌ലാന്‍ഡ് വീണ്ടും  ആഴ്‌സണലിന്റെ ലീഡുയര്‍ത്തി. 58-ാം മിനിറ്റില്‍ ഓക്‌സ്‌ലെയ്ഡ് ചേംബര്‍ലെയ്ന്‍ ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ വലയിലാക്കി. 62-ാം മിനിറ്റില്‍ ഒറിഗി അവരെ ഒപ്പമെത്തിച്ചു. എന്നാല്‍, എഴുപതാം മിനിറ്റില്‍ വില്ലോക് വീണ്ടും ആഴ്‌സണലിന് ലീഡ് സമ്മാനിച്ചു. എന്നാല്‍, ആഴ്‌സണല്‍ ജയം ഉറപ്പിച്ചിരിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ വല കുലുക്കി ഒറിഗി ലിവര്‍പൂളിന് വിലപ്പെട്ട സമനില സമ്മാനിച്ചു.

United
ചെൽസി-യുണൈറ്റഡ് മത്സരത്തിൽ നിന്ന്. Photo: Getty Images

ചെല്‍സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഇരട്ട ഗോളാണ് യുണൈറ്റഡിനെ തുണച്ചത്. 25-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. മാര്‍ക്കസ് അലോണ്‍സോ ഡാനിയല്‍ ജെയിംസിനെ ഫൗള്‍ ചെയ്തതിന് കിട്ടിയതായിരുന്നു പെനാല്‍റ്റി. അറുപത്തിയൊന്നാം മിനിറ്റില്‍ ബാത്ഷ്വായ് ഗോള്‍ മടക്കിയെങ്കലും 73-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് റാഷ്‌ഫോര്‍ഡ് ടീമിന് ജയം സമ്മാനിച്ചു. മനോഹരമായ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍.

വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്‌സിനെ തോല്‍പിച്ച് ആസ്റ്റണ്‍ വില്ലയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു വില്ലയുടെ ജയം. വിഷയ്ക്കുവേണ്ടി എല്‍ ഗാസിയും എല്‍ മൊഹ്മദിയും ഗോള്‍ നേടി. ക്യുട്‌റോണിന്റെ വകയായിരുന്നു വോള്‍വ്‌സിന്റെ ഗോള്‍.

Content Highlights: EFL Arsenal Liverpool Manchester United Chelsea Soccer