മഡ്രിഡ്: ലാലിഗയില്‍ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ഫോമിന്റെ ബലത്തില്‍ റയല്‍ അലാവസിനെ കീഴടക്കി. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
പരിക്കും ഫോം കണ്ടെത്താനുള്ള ബുദ്ധിമുട്ടും കാരണം റയലിന് വേണ്ടി മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ഹസാര്‍ഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി താരം കളം നിറഞ്ഞു.
ആദ്യ പകുതിയില്‍ കാസെമിറോയും ബെന്‍സേമയും പെനാല്‍റ്റിയിലൂടെ ഹസാര്‍ഡും നേടിയ ഗോളുകളുടെ മികവില്‍ 3-0 ന് മുന്നിലായിരുന്നു റയല്‍. രണ്ടാം പകുതിയില്‍ ജോസെലുവിലൂടെ അലാവാസ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 70-ാം മിനിട്ടില്‍ ബെന്‍സേമ വീണ്ടും ടീമിനായി ഗോള്‍ കണ്ടെത്തി.
കോവിഡ് ബാധിച്ചതുമൂലം പരിശീലകന്‍ സിനദിന്‍ സിദാന്റെ അസാന്നിധ്യത്തിലാണ് റയല്‍ കളിക്കാനിറങ്ങിയത്. ഈ സീസണില്‍ ഹസാര്‍ഡ് നേടുന്ന മൂന്നാമത്തെ മാത്രം ഗോളാണിത്. ഇനിയുള്ള മത്സരങ്ങളില്‍ നന്നായി കളിക്കാനാവുമെന്ന പ്രതീക്ഷ താരം പങ്കുവെച്ചു.
നിലവില്‍ 19 കളികളില്‍ നിന്നും 40 പോയന്റുകള്‍ നേടിയ റയല്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചുകളിച്ച് 44 പോയന്റുകള്‍ നേടിയ അത്‌ലറ്റിക്കോ മഡ്രിഡാണ് പട്ടികയില്‍ ഒന്നാമത്. സെവിയ്യ മൂന്നാമതും ബാര്‍സലോണ നാലാം സ്ഥാനത്തും നില്‍ക്കുന്നു.
Content Highlights: Eden Hazard stars as Real Madrid crush Alaves 4-1 in Zinedine Zidane's absence