ലണ്ടന്‍: എവര്‍ട്ടനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമതെത്തി. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ഇരട്ട ഗോളുകളുമായി ഈഡന്‍ ഹസാര്‍ഡ് മത്സരത്തില്‍ തിളങ്ങി.

കളി തുടങ്ങി 19ാം മിനിറ്റില്‍ ഹസാര്‍ഡ് ചെല്‍സിയെ മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ അലോണ്‍സോ എവര്‍ട്ടന്റെ വല വീണ്ടും ചലിപ്പിച്ചു. 42ാം മിനിറ്റിലായിരുന്നു ചെല്‍സിയുടെ മൂന്നാം ഗോള്‍ പിറന്നത്. ഡീഗോ കോസ്റ്റയായിരുന്നു സ്‌കോറര്‍. രണ്ടാം പകുതിയുടെ 11ാം മിനിറ്റില്‍ ഹസാര്‍ഡ് തന്റെ രണ്ടാം ഗോള്‍ നേടി. കളി തീരാന്‍ 25 മിനിറ്റ് ബാക്കി നില്‍ക്കെ എവര്‍ട്ടന്റെ പരാജയ ഭാരം കൂട്ടി പെഡ്രോയും ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. 

അതേ സമയം മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മിഡില്‍സ്ബറോ സമനിലയില്‍ (1-1) തളച്ചു. സെര്‍ജിയോ അഗ്യൂറോ 43ാം മിനിറ്റില്‍ നേടിയ ഗോളില്‍ അവസാനംവരെ മുന്നിട്ടുനിന്ന സിറ്റിയെ ഇഞ്ചുറി ടൈമില്‍ ഡച്ച് താരം മാര്‍ട്ടന്‍ ഡി റൂണ്‍ നേടിയ ഗോളിനാണ് മിഡില്‍സ്ബറോ പിടിച്ചുകെട്ടിയത്.

11 കളികളില്‍ നിന്ന് ചെല്‍സിക്ക് 25 പോയിന്റാണുള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഒരു പോയിന്റിന്റെ മുന്‍തൂക്കമാണ് ചെല്‍സിക്കുള്ളത്.  23 പോയിന്റുമായി ആഴ്ണലാണ് മൂന്നാമത്. പ്രീമിയര്‍ ലീഗിലെ മറ്റുകളികളില്‍ ബേണ്‍ലി ക്രിസ്റ്റല്‍ പാലസിനെയും (3-2) സണ്ടര്‍ലന്‍ഡ് ബേണ്‍മത്തിനെയും (2-1) തോല്‍പിച്ചപ്പോള്‍ വെസ്റ്റ്ഹാമും സ്റ്റോക് സിറ്റിയും ഓരോ ഗോളടിച്ച് (1-1) സമനില പാലിച്ചു.

ലാ ലിഗയില്‍ അത്‌ലറ്റിക്കോക്ക് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ റയല്‍ സോസിഡാഡ് ഏകപക്ഷീയമായ രണ്ടു ഗോളിന് അട്ടിമറിച്ചു (2-0). രണ്ടാം പകുതിയില്‍ കാര്‍ലോസ് വെലയും (54) വില്യന്‍ ജോസു(75)മാണ് ഗോള്‍ നേടിയത്.

തോറ്റെങ്കിലും 11 കളിയില്‍ 21 പോയന്റുമായി അത്‌ലറ്റിക്കോ മൂന്നാം സ്ഥാനം നിലനിര്‍ത്തി. 10 കളിയില്‍ 24 പോയന്റുള്ള റയലും 22 പോയന്റുള്ള ബാഴ്‌സലോണയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.