ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്ര മനോഹരമായൊരു ഗോള്‍ ഈ അടുത്തൊന്നും ആരും കണ്ടിട്ടുണ്ടാകില്ല. അത്രകണ്ട് മികച്ച ഒരു സോളോ ഗോള്‍. വെസ്റ്റ്ഹാമിനെതിരേ ചെല്‍സിയുടെ പത്താം നമ്പറുകാരന്‍ ഈഡന്‍ ഹസാര്‍ഡ് നേടിയ ഗോളിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാതെ നില്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകം.

ഗോള്‍ പോസ്റ്റില്‍ നിന്നും 35 വാര അകലെ നിന്ന് പന്തുമായി ഒറ്റക്ക് ബോക്സിലേക്ക് കുതിച്ച ഹസാര്‍ഡ് വെസ്റ്റ്ഹാമിന്റെ ആറു പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് അതേ വേഗതയില്‍ വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ ഡൈവ് ചെയ്തപ്പോഴേക്കും പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലെത്തി.

ഹസാര്‍ഡിന്റെ കാലുകളില്‍ പന്ത് ലഭിക്കുമ്പോള്‍ വെസ്റ്റ്ഹാം ഗോള്‍മുഖത്ത് അപകടമൊന്നും ഉണ്ടായിരുന്നില്ല. അത്ര വലിയ ഭീഷണിയൊന്നും ആ പത്താം നമ്പറുകാരനില്‍ നിന്ന് വെസ്റ്റ്ഹാം പ്രതിരോധം പ്രതീക്ഷിച്ചിരുന്നില്ല എന്നുതന്നെ പറയാം. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയത്. പന്തുമായി ഒറ്റയടിക്ക് കുതിച്ചുകയറിയ ഹസാര്‍ഡ് വെസ്റ്റ്ഹാം പ്രതിരോധത്തെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഈ സീസണിലെ ഏറ്റവും മികച്ച ഗോളെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയില്‍ ഹസാര്‍ഡിനുള്ള അഭിനന്ദനങ്ങള്‍ നിറയുകയാണ്. സാക്ഷാല്‍ ലയണല്‍ മെസ്സിയോടാണ് ഹസാര്‍ഡിന്റെ ഗോളിനെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്.

പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ ഹസാര്‍ഡിന്റെ 16-ാം ഗോളായിരുന്നു ഇത്. മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു. 

Content Highlights: eden hazard breathtaking solo goal sends twitter into meltdown