കൊല്‍ക്കത്ത: ഫുട്‌ബോളില്‍ ടീം വിജയിക്കുമ്പോഴോ ഗോളടിക്കുമ്പോഴോ മാത്രമല്ല ആരാധകര്‍ ഒരു ടീമിനേയോ കളിക്കാരനേയോ നെഞ്ചിലേറ്റുന്നത്. ഇന്നലെ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ ആര്യനെതിരായ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 3-0ത്തിന് വിജയിച്ചപ്പോള്‍ അത് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കും അഭിമാനം തോന്നിയ നിമിഷമായിരുന്നു.
ഈസ്റ്റ് ബംഗാള്‍ വിജയിച്ചതില്‍ മാത്രമായിരുന്നില്ല ആ അഭിമാനം. മത്സരശേഷം ഈസ്റ്റ് ബംഗാളില്‍ കളിക്കുന്ന മലയാളി താരങ്ങളായ സി.കെ ഉബൈദും ജോബി ജസ്റ്റിനും മിര്‍ഷാദും കേരളത്തെ പ്രളയ ദുരിതത്തില്‍ നിന്ന് കര കയറ്റാന്‍ പണം ശേഖരിച്ചതായുന്നു ആ അഭിമാനത്തിന് പിന്നില്‍.
കൊല്‍ക്കത്തയില്‍ കളി കാണാനെത്തിയ ആരാധകരില്‍ നിന്നാണ് മൂവരും എല്ലാവര്‍ക്കും പ്രചോദനമാകുന്ന രീതിയില്‍ പണം ശേഖരിച്ചത്. വിജയാഘോഷങ്ങള്‍ നടത്താതെ അവര്‍ ഗാലറിക്കടുത്തേക്ക് നീങ്ങി കാണികളില്‍ നിന്ന് പണം സ്വരൂപിച്ചു.
ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ കൂടിയായ സി.കെ ഉബൈദ് പിന്നീട് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ ആരാധകരുമായി പങ്കുവെച്ചു. ആരാധകര്‍ നല്‍കിയ തുകയിലല്ല കാര്യം. നല്‍കാന്‍ കാണിച്ച മനസാണ് വേറിട്ട് നിര്‍ത്തുന്നതെന്ന് ഉബൈദ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ക്ക് നന്ദി പറയാനും മറന്നില്ല ഉബൈദ്.
Content Highlights: east bengal keraite players collected money from fans kerala floods