കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് സമനില. 

ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ആര്‍മി റെഡാണ് ഗോകുലത്തെ സമനിലയില്‍ പിടിച്ചത്. ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി. 

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ ഘാന താരം റഹീം ഓസുമാനുവിലൂടെ ഗോകുലം ലീഡെടുത്തു. എന്നാല്‍ 30-ാം മിനിറ്റില്‍ ജെയ്‌നിലൂടെ ആര്‍മി സമനില പിടിച്ചു. സമനില ഗോള്‍ നേടി 10 മിനിറ്റ് തികയും മുമ്പ് താപ്പയിലൂടെ ആര്‍മി ലീഡെടുത്തു. ഗോകുലം ഗോള്‍കീപ്പര്‍ അജ്മലിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. 

രണ്ടാം പകുതിയില്‍ ഗോളിനായി ഗോകുലം കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെ എല്‍വിസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ഗോകുലത്തിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ഈ കിക്ക് വലയിലെത്തിച്ച് 68-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഷെരീഫ് ഗോകുലത്തിന് സമനില ഗോള്‍ സമ്മാനിച്ചു.

Content Highlights: Durand Cup draw for Defending champs Gokulam Kerala FC against Army Red