
Photo: twitter.com/GokulamKeralaFC
2021 മാര്‍ച്ച് 27-ാം തീയതിയാണ് അന്ന് വെറും നാലു വയസ് മാത്രം പ്രായമുള്ള കേരളത്തിലെ ഗോകുലം കേരള എന്ന ഫുട്‌ബോള്‍ ക്ലബ്ബ് ആദ്യമായി ഐ ലീഗ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ഫുട്‌ബോളിനെ ഞെട്ടിച്ചത്. ഇപ്പോഴിതാ ഒരു വര്‍ഷത്തിനിപ്പുറം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഐ ലീഗ് കിരീടമുയര്‍ത്തി ഗോകുലം ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ തങ്ങളുടെ പേരെഴുതിച്ചേര്‍ത്തിരിക്കുകയാണ്. ദേശീയ ഫുട്‌ബോള്‍ ലീഗ് 2007-ല്‍ ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോഡും സ്വന്തമാക്കിയാണ് ഗോകുലം കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടതോടെ വലിയൊരു കാത്തിരിപ്പാണ് ഗോകുലം അവസാനിപ്പിച്ചത്. ഇപ്പോഴിതാ ലീഗിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കിരീടം നിലനിര്‍ത്തിയിരിക്കുന്നത്. ഡ്യൂറന്റ് കപ്പും ഐ ലീഗും നേടുന്ന ആദ്യ കേരള ക്ലബ്ബെന്ന നേട്ടം നേരത്തെ തന്നെ സ്വന്തമാക്കിയ ഗോകുലം ഇപ്പോള്‍ ഐ ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.
ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടതോടെയാണ് ഗോകുലത്തെ മലയാളികള്‍ നെഞ്ചേറ്റാന്‍ തുടങ്ങിയത്. കരുത്തരായ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ചരിത്രം കുറിച്ചാണ് ഗോകുലം 2019 ഓഗസ്റ്റ് 24 ന് ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്നത്. 22 വര്‍ഷത്തിനുശേഷമായിരുന്നു ഗോകുലം അന്ന് ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തിച്ചത്. 1997-ല്‍ എഫ്.സി കൊച്ചിനായിരുന്നു അവസാനമായി ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്നത്.
അന്ന് മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോളുകളുടെ സഹായത്തോടെയാണ് ഗോകുലം ഫൈനലില്‍ മോഹന്‍ ബഗാനെ വീഴ്ത്തിയത്. ഇത്തവണ അതേ മാര്‍ക്കസ് ജോസഫ് ഉള്‍പ്പെട്ട മുഹമ്മദന്‍സിനെ പരാജയപ്പെടുത്തിയാണ് കേരളം ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. അന്ന് സെമിയില്‍ ഈസ്റ്റ് ബംഗാളിനെ മറികടന്നാണ് കേരളം ഫൈനലിലെത്തിയത് എന്നതും എടുത്തുപറയേണ്ട ഒന്നാണ്.
കഴിഞ്ഞ തവണ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോകുലം നാലുഗോളുകള്‍ എതിരാളികളായ ട്രാവുവിന്റെ പോസ്റ്റില്‍ അടിച്ചുകയറ്റിയാണ് ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..