Photo: Getty Images
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. പുതിയ പരിശീലകന് എറിക് ടെന്‍ ഹാഗ് സ്ഥാനമേറ്റെടുത്തതോടെ ചുവന്ന ചെകുത്താന്മാര് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പഴയ പ്രതാപം വീണ്ടെടുക്കുകയാണ്. തുടര്‍വിജയങ്ങള്‍ ശീലമാക്കിയ യുണൈറ്റഡിന് ആ ശക്തി നല്കാന് കാരണമായത് ടെന്‍ ഹാഗിന്റെ അച്ചടക്കത്തോടെയുള്ള ശിക്ഷണമാണ്.
ടീമില്‍ എല്ലാവരും തുല്യരാണെന്നും തെറ്റുചെയ്യുന്ന ഏവര്‍ക്കും ശിക്ഷ ലഭിക്കുമെന്നും ടെന്‍ ഹാഗ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതിനോടനുബന്ധിച്ച് ടെന്‍ ഹാഗ് പുതിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ടീമിന്റെ ഗോളടിയന്ത്രം മാര്‍ക്കസ് റാഷ്ഫോര്‍ഡിന് ശിക്ഷ നല്‍കിയതിന്റെ കഥ ടെന്‍ ഹാഗ് ഈയിടെ ഒരു അഭിമുഖത്തില്‍ വിവരിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനെതിരായ മത്സരത്തില്‍ റാഷ്ഫോര്‍ഡ് പകരക്കാരുടെ ബെഞ്ചിലാണ് സ്ഥാനം പിടിച്ചത്. എപ്പോഴും സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം നേടുന്ന റാഷ്ഫോര്‍ഡിനെ പകരക്കാരനാക്കിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അതിന് വ്യക്തമായ കാരണമുണ്ടെന്ന് ടെന്‍ ഹാഗ് പറഞ്ഞു.
മത്സരത്തിന് മുന്നോടിയായുള്ള ടീം മീറ്റിങ്ങില്‍ റാഷ്ഫോര്‍ഡ് വൈകിയാണെത്തിയത്. എഴുന്നേല്ക്കാന് വൈകിയതോടെ റാഷ്ഫോര്‍ഡിന് കൃത്യസമയത്ത് മീറ്റിങ്ങിന് എത്താനായില്ല. വൈകിയെത്തിയ റാഷ്ഫോര്‍ഡിന് ടെന്‍ ഹാഗ് ഉടന്‍ തന്നെ ശിക്ഷ വിധിച്ചു. താരത്തെ ആദ്യ ഇലവനില്‍ നിന്ന് പിടിച്ച് പുറത്താക്കി. അച്ചടക്കം ടീമിലെ എല്ലാ അംഗങ്ങളും കൃത്യമായി പാലിക്കണമെന്ന് ടെന്‍ ഹാഗ് പറഞ്ഞു.
'താരങ്ങള്‍ അച്ചടക്കമില്ലാതെ പെരുമാറിയാല്‍ അത് മത്സരങ്ങളെ ബാധിക്കും. ഒരുമയോടെ കളിച്ചാല്‍ മാത്രമേ വിജയം നേടാനാകൂ. അതിനായി എല്ലാവരും ഒരേ മനസ്സോടെ പ്രയത്നിക്കണം. ടീമില്‍ എല്ലാവര്ക്കും ഒരേ നിയമമാണ്. അതുകൊണ്ടാണ് റാഷ്ഫോര്‍ഡിന് ഞാന്‍ ശിക്ഷ നല്‍കിയത്. അദ്ദേഹം മികച്ച താരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല, പക്ഷേ എന്റെ ടീമില്‍ അച്ചടക്കം നിര്‍ബന്ധമാണ് ' - ടെന്‍ ഹാഗ് വ്യക്തമാക്കി.
മത്സരത്തില്‍ പകരക്കാരനായി വന്ന റാഷ്ഫോര്‍ഡിന്റെ ഗോളിലാണ് യുണൈറ്റഡ് വോള്‍വ്സിനെ കീഴടക്കിയത്. എറിക് ടെന്‍ ഹാഗ് പരിശീലകനായതോടെ റാഷ്ഫോര്‍ഡ് തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. ടെന്‍ ഹാഗ് യുഗത്തില്‍ 24 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് റാഷ്ഫോര്‍ഡ് നേടിയത്.
Content Highlights: manchester united, fa cup, fa cup third round, manchester united win, rashford, antony, erik ten hag
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..