മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മോഹത്തിന് തിരിച്ചടി. എവര്‍ടണിനെതിരായ മത്സരത്തില്‍ ചുവന്ന ചെകുത്താന്മാര്‍ സമനില വഴങ്ങി.

ഇരുടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി പിരിഞ്ഞു. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ഡൊമിനിക്ക് കാള്‍വെര്‍ട്ട് ലെവിന്‍ എവര്‍ടണിനായി സമനില ഗോള്‍ നേടി.

മത്സരം തുടങ്ങി 24-ാം മിനിട്ടില്‍ എഡിന്‍സണ്‍ കവാനിയിലൂടെ യുണൈറ്റഡ് മുന്നില്‍ കയറി. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനായി രണ്ടാം ഗോള്‍ നേടി. ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് ഫെര്‍ണാണ്ടസ് നേടിയത്.

ആദ്യ പകുതിയില്‍ രണ്ടുഗോളിന് മുന്നിട്ട് നിന്ന് യുണൈറ്റഡ് വിജയമുറപ്പിച്ചതാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ എവര്‍ട്ടണ്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നു. അതിന്റെ ഭാഗമായി 49-ാം മിനിട്ടില്‍ ഡൗക്കോറെ ടീമിനായി ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ 52-ാം മിനിട്ടില്‍ സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസ് ടീമിനായി സമനില ഗോള്‍ നേടി. ഇതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി. 

എന്നാല്‍ 70-ാം മിനിട്ടില്‍ യുണൈറ്റഡ് വീണ്ടും ലീഡെടുത്തു. സ്‌കോട്ട് മക്ടൊമിനെയാണ് ടീമിനായി ഗോള്‍ നേടിയത്. യുണൈറ്റഡ് വിജയമുറപ്പിച്ചു എന്ന് സന്തോഷിച്ചിരിക്കുന്ന സമയത്താണ് ആരാധകരുടെ നെഞ്ചില്‍ പ്രഹരമേല്‍പ്പിച്ച് കാള്‍വെര്‍ട്ട് ലെവിന്‍ എവര്‍ടണിന് വേണ്ടി മൂന്നാം ഗോള്‍ നേടി സമനില നേടിയത്. ഗോള്‍ പിറന്നതിനുപിന്നാലെ മത്സരം അവസാനിച്ചു.

മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും യുണൈറ്റഡ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. 23 മത്സരങ്ങളില്‍ നിന്നും 45 പോയന്റാണ് യുണൈറ്റഡിനുള്ളത്. 21 മത്സരങ്ങളില്‍ നിന്നും 37 പോയന്റുള്ള എവര്‍ടണ്‍ ആറാം സ്ഥാനത്ത് തുടരുന്നു.

മറ്റൊരു മത്സരത്തില്‍ കരുത്തരായ സതാംപ്ടണ്‍ വീണ്ടും തോല്‍വി വഴങ്ങി. ന്യൂകാസിലാണ് ടീമിനെ കീഴടക്കിയത്. ന്യൂ കാസിലിനായി മിഗ്വെല്‍ ആല്‍മിറോണ്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ജോ വില്ലിയോക്ക് മൂന്നാം ഗോള്‍ നേടി. സതാംപ്ടണിനായി ലിവര്‍പൂളില്‍ നിന്നും ടീമിലെത്തിയ മിനാമിനോയും ഫ്രീകിക്ക് രാജാവ് ജെയിംസ് വാര്‍ഡ് പ്രൗസും ഗോള്‍ നേടി. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് വാര്‍ഡ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ ന്യൂകാസില്‍ 16-ാം സ്ഥാനത്തെത്തിയപ്പോള്‍ സതാംപ്ടണ്‍ 12-ാം സ്ഥാനത്ത് തുടരുന്നു.

Content Highlights: Dominic Calvert-Lewin scores with final kick of game as Toffees twice come from behind