പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ മാഴ്‌സെ ടീം നായകന്‍ ദിമിത്രി പയറ്റിനെതിരേ ആരാധകന്റെ ആക്രമണം. മാഴ്‌സെ-ഒളിമ്പിക് ലിയോണ്‍ മത്സരത്തിനിടെയാണ് പയറ്റിനെ ആരാധകരിലൊരാള്‍ ആക്രമിച്ചത്. ലിയോണിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം നടന്നത്.

മത്സരം തുടങ്ങി അഞ്ചാം മിനിട്ടിലാണ് സംഭവം അരങ്ങേറിയത്. മാഴ്‌സെയ്ക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്ന പയറ്റിനെ ലക്ഷ്യമാക്കി ആരാധകരിലൊരാള്‍ വെള്ളക്കുപ്പിയെറിഞ്ഞു. കുപ്പി പയറ്റിന്റെ തലയില്‍ കൊണ്ടു. കോര്‍ണര്‍ കിക്ക് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ പയറ്റ് ഉടന്‍ തന്നെ വൈദ്യസഹായം തേടി. 

ചെവിയ്ക്കും തലയ്ക്കും ചെറുതായി പരിക്കേറ്റ പയറ്റ് ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ടു. പിന്നാലെ മാഴ്‌സെ താരങ്ങളും പരിശീലകനും മത്സരം ബഹിഷ്‌കരിച്ചുകൊണ്ട് ഗ്രൗണ്ടിലെത്തി. വൈകാതെ അധികൃതര്‍ മത്സരം റദ്ദാക്കി. 

ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു കറുത്ത ദിനമാണെന്ന് മാഴ്‌സെ ഫുട്‌ബോള്‍ പ്രസിഡന്റ് പാബ്ലോ ലോങ്‌ഗോറിയ അറിയിച്ചു. 

വെള്ളക്കുപ്പിയെറിഞ്ഞെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലും പയറ്റിനെതിരേ ആരാധകരുടെ ആക്രമണമുണ്ടായിട്ടുണ്ട്. അന്ന് നീസ് ക്ലബ്ബിന്റെ ആരാധകരാണ് പയറ്റിനെ ആക്രമിച്ചത്. 

Content Highlights: Dimitri Payet struck by bottle, Lyon-Marseille Ligue 1 match abandoned