യണല്‍ മെസ്സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. നാല് മത്സരങ്ങളില്‍ നിന്ന് മെസ്സിയെ വിലക്കിയത് അല്‍പം കടന്നു പോയെന്നും ദാരുണമെന്നുമായിരുന്നു മറഡോണയുടെ പ്രതികരണം.വിലക്കുമായി ബന്ധപ്പെട്ട് ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയുമായി സംസാരിക്കുമെന്നും തന്റെ വിയോജിപ്പ് അദ്ദേഹത്തെ അറിയിക്കുമെന്നും മറഡോണ വ്യക്തമാക്കി.

''നാല് മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. അത് അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യതക്കുള്ള അവസാന കച്ചിത്തുരുമ്പാണ്. മെസ്സിയുടെ വിലക്ക് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷ'' മറഡോണ പറഞ്ഞു. 

2010 ലോകകപ്പില്‍ മെസ്സിയെ പരിശീലിപ്പിച്ച മറഡോണ ഗ്രൗണ്ടില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും വ്യക്തമാക്കി. ''ക്യാമറ ഉണ്ടെന്ന കാര്യം മെസ്സിക്കറിയാം. പിന്നെയും മെസ്സി അങ്ങനെ പെരുമാറി എന്ന്‌ പറയുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. വളരെ മര്യാദയുള്ള താരമാണവന്‍. ഒന്നിനെക്കുറിച്ചും പരാതി പറയാറില്ല. പരിശീലനത്തില്‍ മാത്രം ശ്രദ്ധിക്കുന്നവന്‍. അവന്‍ എല്ലാവരുടെയും ഓമനയാണ്.'' മറഡോണ ചൂണ്ടിക്കാട്ടി.

മാര്‍ക്കോ മറ്റരാസിയെ തല കൊണ്ടിടിച്ച സിനദിന്‍ സിദാന്റെ പ്രവൃത്തിയോടാണ് മറോഡണ മെസ്സിയുടെ വിലക്കിനെ ഉപമിച്ചത്. എന്നാല്‍ റഫറിയോട് താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ആകാശത്തേക്ക് നോക്കിയാണ് ചീത്ത വിളിച്ചതെന്നും കാണിച്ച് മെസ്സി ഫിഫക്ക് കത്ത് അയച്ചിട്ടുണ്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും മെസ്സിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിലിക്കെതിരായ മത്സരത്തില്‍ റഫറിയെ അസഭ്യം പറഞ്ഞുവെന്ന ആരോപണത്തെ തുടര്‍ന്നാണ് താരത്തെ വിലക്കിയത്. പിന്നീട് മെസ്സിയില്ലാതെ ബൊളീവിയയെ നേരിട്ട അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍ക്കുകയും ചെയ്തിരുന്നു.