ബ്യൂണസ് ഐറിസ്: മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കായി ഏഴോളം വ്യത്യസ്ത മരുന്നുകള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

അദ്ദേഹത്തിന്റെ വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മാറഡോണയുടെ മരണത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി. മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മോര്‍ളയും ആവശ്യപ്പെട്ടിരുന്നു.

നബംബര്‍ 25-ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മാറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബര്‍ 11-ന് അദ്ദേഹം ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വന്നു. 

Content Highlights: Diego Maradona not consume alcohol or illicit narcotics before death autopsy report