മേരിക്കന്‍ വന്‍കരയിലും യൂറോപ്പിലും ഫുട്‌ബോളിന്റെ ഉത്സവക്കാലമാണ്. അതിന്റെ അലയൊലികള്‍ ലോകത്തെല്ലായിടത്തുമുണ്ട്. വന്‍കിട ടൂര്‍ണമെന്റുകള്‍ ഒരേസമയം നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ഒന്നാണ്. ഇനി അങ്ങനെയൊന്നുണ്ടാവില്ലെന്ന് ഫിഫ വ്യക്തമാക്കിയിട്ടുമുണ്ട്. കോപ്പ അമേരിക്കയ്ക്ക് എക്കാലവും എന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ട്. 1916-ല്‍ ഞങ്ങളാണ് ആദ്യത്തെ ആദ്യത്തെ കോപ്പയ്ക്ക് ആതിഥേയത്വം വഹിച്ചത്. ശതാബ്ദി വര്‍ഷത്തില്‍ കപ്പുനേടാനുള്ള സുവര്‍ണാവസരം അര്‍ജന്റീനയ്ക്ക് കൈവന്നിരിക്കുന്നു.

2014 ലോകകപ്പിലും 2015 കോപ്പയിലും ഫൈനലില്‍ തോറ്റതിന്റെ വേദന ഇനിയും മാറിയിട്ടില്ല. കൈവിട്ട കപ്പ് കൈക്കലാക്കാനുള്ള നല്ല അവസരമാണ് ലയണല്‍ മെസ്സിയുടെ സംഘത്തിനുമുന്നില്‍ ഇപ്പോഴുള്ളത്. ബ്രസീലും ഉറുഗ്വായും പുറത്തായ സാഹചര്യത്തില്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ കുറച്ചെളുപ്പമാണ്. ശക്തമായ പ്രഹരശേഷിയുള്ള ചിലിയെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. മെക്‌സിക്കോയെ ചിലി കശാപ്പുചെയ്ത രീതി ഏതുടീമിനും ഉള്‍ക്കിടിലമുണ്ടാക്കും.

പക്ഷേ, ഈ അര്‍ജന്റീനാ ടീമിന് ചില സവിശേഷതകളുണ്ട്. മെസ്സിയെ മാത്രമാശ്രയിച്ച് മത്സരം ജയിക്കുന്ന ടീമല്ല ഇത്. മെസ്സിക്കു പുറമെ ടീമിലെ എട്ടുപേര്‍ ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയിലിടംപിടിച്ചിട്ടുണ്ടെന്നോര്‍ക്കണം. നാലുകളികളില്‍ 14ഗോള്‍ അവര്‍ നേടി. ഹിഗ്വെയ്ന്‍ ഗോളടിക്കാരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചത് ശുഭസൂചനയാണ്.

മഷെറാനോ നേതൃത്വംനല്കുന്ന കാവല്‍നിര അവരുടെ റോള്‍ ഭംഗിയായി ചെയ്യുന്നുണ്ട്. രണ്ടുഗോള്‍ മാത്രമാണ് ടീം വഴങ്ങിയത്. എന്നിരുന്നാലും വലിയ കളികളില്‍ മധ്യനിരക്കാരുടെ പിന്തുണ പ്രതിരോധനിരയ്ക്ക് അവസരോചിതമായി ലഭിക്കേണ്ടതുണ്ട്. അതുകൂടിയായാല്‍ ടീം പൂര്‍ണതയിലെത്തും. അമേരിക്കയില്‍ നടന്ന 1994 ലോകകപ്പില്‍നിന്ന് എന്നെ പുറത്താക്കിയത് കടുത്ത അനീതിയായിരുന്നു. അവിടെ അര്‍ജന്റീന കപ്പുയര്‍ത്തിയാല്‍ അതിലുംവലിയൊരു ആത്മനിര്‍വൃതി എനിക്ക് കിട്ടാനില്ല.

യൂറോപ്പുകാര്‍ക്ക് ഫുട്‌ബോളിനോടുള്ള അഭിനിവേശം വേറെത്തന്നെയാണ്. പക്ഷേ, ഇക്കുറി യൂറോയിലുയര്‍ന്ന ചില സംഭവങ്ങള്‍ ശുഭകരമല്ല. ആരാധകരുടെ കളികള്‍ അതിരുകടക്കുന്നു. അതുമൂലം സമ്മര്‍ദത്തിലാവുന്നത് സ്വന്തം ടീമാണെന്ന കാര്യം അവര്‍ മറന്നുകൂടാ. ഇംഗ്ലണ്ട്-റഷ്യ മത്സരത്തോടനുബന്ധിച്ചുണ്ടായ കാര്യങ്ങള്‍ വേദനാജനകമാണ്. ഗോളുകളുടെ എണ്ണത്തില്‍ കോപ്പയെക്കാള്‍ പിന്നിലാണെങ്കിലും യൂറോയുടെ ഗുണനിലവാരത്തെ പ്രശംസിക്കാതെവയ്യ. ഒന്നിനൊന്ന് മികച്ച ടീമുകളാണ് യൂറോയില്‍ മാറ്റുരയ്ക്കുന്നത്. കളി മുറുകുംതോറും പാരമ്പര്യം വലിയൊരു പങ്കുവഹിക്കുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

ഇറ്റലിയുടെ മാറ്റം ശ്രദ്ധിക്കേണ്ടതുതന്നെ. സാധ്യതക്കാരുടെ പട്ടികയ്ക്കു പുറത്തുനിര്‍ത്തുമ്പോള്‍ അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളിലൂടെ അവര്‍ തിരിച്ചുവരും. കെങ്കേമന്മാരായ സ്‌ട്രൈക്കര്‍മാരില്ലെങ്കിലും പഴുതുകള്‍ പ്രയോജനപ്പെടുത്തി ഗോളടിക്കാന്‍ അവര്‍ക്ക് ആരെങ്കിലുമുണ്ടാവും. അയര്‍ലന്‍ഡിനെ തോല്പിച്ച് ഇറ്റലി ഗ്രൂപ്പ് ജേതാക്കളായാല്‍ ബെല്‍ജിയം-സ്വീഡന്‍ മത്സരത്തിലെ വിജയികള്‍ രണ്ടാമതാവും. ബെല്‍ജിയത്തെ മെരുക്കുക ഇബ്രാഹിമോവിച്ചിന്റെ സ്വീഡന് ശ്രമകരമായ ദൗത്യമാണ്.

ഫ്രാന്‍സിന്റേത് ചുറുചുറുക്കുള്ള യുവനിരയാണ്. ആരാധകരുടെ നിറഞ്ഞ പിന്തുണയും അവര്‍ക്കുണ്ട്. രണ്ടു കാലുകൊണ്ടും ഗോളടിക്കുന്ന പായെറ്റ് ഗോളടിപ്പിക്കാനും സമര്‍ഥനാണെന്ന് തെളിയിച്ചുകഴിഞ്ഞു. അച്ചടക്കത്തില്‍ അണുവിടപോലും വിട്ടുവീഴ്ചയ്ക്കില്ലാത്ത ദിദിയെ ദെഷാംസ് ഒരുക്കിയ സംഘം കാര്യക്ഷമതയിലും മുന്നില്‍ത്തന്നെ. സ്‌പെയിന്‍ വലിയൊരു നേട്ടത്തിന്റെ വക്കിലാണ്. ഇതുവരെ യൂറോയില്‍ ഒരുടീമും തുടരെ മൂന്നുവട്ടം കിരീടം നേടിയിട്ടില്ല. തിളക്കം ഒട്ടും കുറഞ്ഞിട്ടില്ലാത്ത ഇനിയേസ്റ്റയും മൊറാട്ടയുടെയും നൊലീറ്റോയുടെയും സ്‌കോറിങ് മികവും സ്‌പെയിനിന്റെ പ്രതീക്ഷകള്‍ സജീവമാക്കിനിര്‍ത്തുന്നു.

ഇംഗ്ലണ്ടിന്റെ പുതുനിരയെ ചെറുതായി കാണാനൊക്കില്ല. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ലെങ്കിലും ലോകചാമ്പ്യന്മാരായ ജര്‍മനി അവസരത്തിനൊത്തുയരും. ഏതു വലിയ ടീമിനും ചില മോശം മത്സരങ്ങളുണ്ടാവും. അതുകൊണ്ട് അവര്‍ മോശക്കാരാണെന്നു പറയാനൊക്കില്ലല്ലോ. എപ്പോള്‍ കളിയുടെ ഗ്രാഫുയര്‍ത്തണമെന്ന് ജര്‍മനിക്കറിയാം.