ന്യൂയോര്‍ക്ക്: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍മഴയില്‍ മുക്കി അത്‌ലറ്റികോ മഡ്രിഡ്.

മൂന്നിനെതിരേ ഏഴു ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം. 84-ാം മിനിറ്റുവരെ 7-1 എന്ന നിലയിലായിരുന്നു സ്‌കോര്‍ നില. നാലു ഗോളുകള്‍ നേടിയ ഡിയഗോ കോസ്റ്റ അത്‌ലറ്റിക്കോയ്ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ കോസ്റ്റ ഹാട്രിക്ക് തികച്ചിരുന്നു. 1, 28, 45 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. പിന്നാലെ 51-ാം മിനിറ്റിലും കോസ്റ്റ സ്‌കോര്‍ ചെയ്തു. എന്നാല്‍ മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ഡാനി കാര്‍വഹാലിന്റെ ഫൗള്‍ ചോദ്യം ചെയ്ത് ഏറ്റുമുട്ടിയ കോസ്റ്റയ്ക്ക് ചുവപ്പുകാര്‍ഡ് കിട്ടി. കാര്‍വഹാലിനും റഫറി ചുവപ്പുകാര്‍ഡ് നല്‍കി.

കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ കോസ്റ്റയിലൂടെ അത്‌ലറ്റിക്കോ ഗോളടി തുടങ്ങി. എട്ടാം മിനിറ്റില്‍ ജാവോ ഫെലിക്‌സും 19-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കൊറിയയും അവരുടെ ലീഡുയര്‍ത്തി. പിന്നീട് 28-ാം മിനിറ്റിലും 45-ാം മിനിറ്റിലും കോസ്റ്റ സ്‌കോര്‍ ചെയ്തതോടെ ആദ്യ പകുതിയില്‍ അത്‌ലറ്റിക്കോ 5-0 ന് മുന്നിലെത്തി. പിന്നാലെ 51-ാം മിനിറ്റിലും കോസ്റ്റ റയലിന്റെ വല കുലുക്കി.

പിന്നാലെ 59-ാം മിനിറ്റില്‍ നാച്ചോയിലൂടെ റയല്‍ ഒരു ഗോള്‍ മടക്കി. 85-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കരിം ബെന്‍സേമയും 89-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസും റയലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Content Highlights: Diego Costa scores four and is sent off as Atlético thrash Real Madrid