Photo: twitter.com|LFC
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. താരതമ്യേന ദുര്‍ബലരായ അത്ലാന്റയാണ് ലിവര്‍പൂളിനെ അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ടീമിന്റെ ജയം.
ജോസിപ് ഇല്ലിസിച്ചും റോബിന് ഗോസെന്‍സും അത്ലാന്റയ്ക്ക് വേണ്ടി ഗോള്‍ നേടി. മുഹമ്മദ് സല കോവിഡ് മുക്തനായി ടീമില്‍ തിരിച്ചെത്തിയെങ്കിലും താരത്തിന് വേണ്ട വിധത്തില്‍ തിളങ്ങാനായില്ല. തോറ്റെങ്കിലും ഗ്രൂപ്പ് ഡിയില്‍ ലിവര്‍പൂളാണ് ഒന്നാമത്. അത്ലാന്റ മൂന്നാം സ്ഥാനത്താണ്.
മറ്റ് മത്സരങ്ങളില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും മാഞ്ചെസ്റ്റര്‍ സിറ്റിയും റയല്‍ മഡ്രിഡുമെല്ലാം വിജയം സ്വന്തമാക്കി.
ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് സാല്‍സ്ബര്‍ഗിനെയാണ് ബയേണ്‍ തകര്‍ത്തത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്കി, കിങ്സ്ലി കോമാന്, ലിറോയ് സാനെ എന്നിവര്‍ ബയേണിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ മെര്‍ജിം ബെരിഷ സാല്‍സ് ബര്‍ഗിനായി സ്കോര്‍ ചെയ്തു. ഈ ജയത്തോടെ ബയേണ്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. നിലവില്‍ ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്താണ് ടീം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്ലറ്റിക്കോ മഡ്രിഡിന് സമനിലക്കുരുക്ക്. ലോക്കോമോട്ടീവ് മോസ്കോയാണ് അത്ലറ്റിക്കോയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്.
മാഞ്ചെസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ഒളിമ്പ്യാക്കോസിനെ കീഴടക്കി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. 36-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ഫില്‍ ഫോഡനാണ് സിറ്റിയ്ക്ക് വേണ്ടി വലചലിപ്പിച്ചത്. ഇതോടെ ഗ്രൂപ്പ് സിയില്‍ സിറ്റി ഒന്നാമതെത്തി.
ഗ്രൂപ്പ് ബിയില്‍ റയല്‍ മഡ്രിഡ് കരുത്തരായ ഇന്റര്‍മിലാനെ കീഴടക്കി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ഈഡന് ഹസാര്‍ഡ് പെനാല്‍ട്ടിയിലൂടെ റയലിനായി ആദ്യ ഗോള്‍ നേടി. ഹക്കീമിയുടെ സെല്‍ഫ് ഗോളും ഇന്ററിന് തിരിച്ചടിയായി. ഇതോടെ ഇന്റര്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി. ജയിച്ചെങ്കിലും റയല്‍ ഗ്രൂപ്പില്‍ രണ്ടാമതാണ്.
Content Highlights:defending champion Bayern Munich and Manchester City advancing to the knockout rounds of UCL
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..