മാഡ്രിഡ്: സ്‌പെയിന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മധ്യനിര താരം ഡേവിഡ് സില്‍വ. ഇതോടെ ആന്ദ്രെ ഇനിയെസ്റ്റയ്ക്കും ജെറാഡ് പിക്വെയ്ക്കും പിന്നാലെ മറ്റൊരു സ്പാനിഷ് താരം കൂടി ടീമിനോട് വിടപറയുകയാണ്. 

12 വര്‍ഷം നീണ്ട കരിയറിനു ശേഷമാണ് 32-കാരനായ സില്‍വ ബൂട്ടഴിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് താന്‍ ഇനി സ്‌പെയിന്‍ ദേശീയ ടീമില്‍ ഉണ്ടാകില്ലെന്ന് സില്‍വ അറിയിച്ചത്. ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായതിനു പിന്നാലെ സ്‌പെയിനിന്റെ ആന്ദ്രെ ഇനിയെസ്റ്റയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു. സ്‌പെയിനിന്റെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരിലൊരാളായ ജെറാര്‍ഡ് പിക്വെ കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡേവിഡ് സില്‍വയും ടീമിനോട് വിടപറയുന്നത്.

സ്‌പെയിനിനായി 125 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍ നേടിയിട്ടുണ്ട് ഈ അറ്റാക്കിങ് മിഡിഫീല്‍ഡര്‍. 2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. 2008-ലും 2012-ലും യൂറോകപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

''ഏറെ സന്തോഷത്തോടെയാണ് ടീമില്‍ നിന്ന് യാത്ര പറയുന്നത്. ഒരു കളിക്കാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായതെല്ലാം ദേശീയ ടീമില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അഭിമാനത്തോടു കൂടിയാണ് ഈ വിടപറച്ചില്‍. കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമാണിത്. ദേശീയ ടീമില്‍ നിന്ന് നേടാനുള്ളതെല്ലാം സ്വന്തമാക്കിക്കഴിഞ്ഞു. സ്പാനിഷ് ഫുട്ബാളിന്റെ സുവര്‍ണ കാലത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണ്'', വിരമിക്കല്‍ പ്രഖ്യാപിച്ച് എഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. സഹകളിക്കാര്‍ക്കും പരീശീലകര്‍ക്കും കോച്ചിങ് സ്റ്റാഫിനും നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ താരമായ ഡേവിഡ് സില്‍വ 2006-ലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ കാലത്തു തന്നെ മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന് പേരെടുക്കാനും അദ്ദേഹത്തിനായിരുന്നു.

Content Highlights: david silva announces retirement