ലണ്ടന്‍: സ്വന്തം റെക്കോഡിനൊപ്പമെത്താനുള്ള പെപ് ഗാര്‍ഡിയോളയുടെ മോഹം നടന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ 2017-ലെ അവസാന മത്സരത്തിനിറങ്ങിയ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സമനില പൂട്ട്. 

തുടര്‍ച്ചയായ 18 വിജയത്തിനുശേഷം ക്രിസ്റ്റല്‍ പാലസാണ് പെപ്പിന്റെ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും സമനിലയില്‍ കുരുങ്ങി. സതാംപ്ടണിനോടാണ് യുണൈറ്റഡ് ഗോള്‍രഹിത സമനില വഴങ്ങിയത്.

യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളില്‍ തുടര്‍ വിജയങ്ങളുടെ റെക്കോഡ് നിലവില്‍ ഗാര്‍ഡിയോളയുടെ പേരിലാണ് 2013-14 സീസണില്‍ പരിശീലിപ്പിച്ച ബയറണ്‍ മ്യൂണിക് ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ 19 മത്സരം തുടരെ ജയിച്ച് റെക്കോഡിട്ടു. ക്രിസ്റ്റല്‍ പാലസിനെതിരേ ജയിച്ചിരുന്നെങ്കില്‍ സിറ്റിക്കും റെക്കോഡിനൊപ്പമെത്താന്‍ കഴിയുമായിരുന്നു. 

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലൂക്ക മിലിച്ചോവികിന്റെ പെനാല്‍ട്ടി സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്സണ്‍ രക്ഷപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ സീസണിലാദ്യം സിറ്റിയുടെ പരാജയം കാണേണ്ടി വന്നേനേ. സമനിലയില്‍ കുരുങ്ങിയെങ്കിലും സിറ്റി ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 21 മത്സരങ്ങളില്‍ 59 പോയന്റുണ്ട് അവര്‍ക്ക്. അതേസമയം യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 44 പോയന്റാണ് യുണൈറ്റിഡിനുള്ളത്. 45 പോയന്റോടെ ചെല്‍സിയാണ് രണ്ടാമത്.