മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോഡില്‍ ക്രിസ്റ്റല്‍ പാലസാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ചുവന്ന ചെകുത്താന്‍മാരെ തോല്‍പ്പിച്ചത്.

70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് നഷ്ടപ്പെടുത്തിയതിന് യുണൈറ്റഡ് വലിയവില നല്‍കേണ്ടി വന്നു. റാഷ്‌ഫോര്‍ഡിന്റെ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.

ക്രിസ്റ്റല്‍ പാലസിനെതിരേ തുടര്‍ച്ചയായ 22 മത്സരങ്ങള്‍ തോല്‍വിയറിയാതെയുള്ള യുണൈറ്റഡിന്റെ കുതിപ്പിന് ഇതോടെ അവസാനമായി. യുണൈറ്റഡിനെതിരേ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന കഴിഞ്ഞ 12 മത്സരങ്ങളിലും വിജയം സ്വന്തമാക്കാന്‍ ക്രിസ്റ്റല്‍ പാലസിന് സാധിച്ചിരുന്നില്ല. ഇത്തവണ അത് തിരുത്തിക്കുറിക്കാനും അവര്‍ക്കായി.

93-ാം മിനിറ്റില്‍ പാട്രിക്ക് വാന്‍ ആന്‍ഹോള്‍ട്ട് നേടിയ ഗോളാണ് ക്രിസ്റ്റല്‍ പാലസിന് വിജയമൊരുക്കിയത്. 32-ാം മിനിറ്റില്‍ ജോര്‍ദാന്‍ ആയുവിലൂടെ ക്രിസ്റ്റല്‍ പാലസാണ് മുന്നിലെത്തിയത്. ജെഫ്രി ഷ്‌ലുപ്പിന്റെ പാസില്‍ നിന്നായിരുന്നു ആയുവിന്റെ ഗോള്‍. 

പിന്നീട് പന്ത് കൈവശം വെച്ച് തിരിച്ചടിച്ചെങ്കിലും ക്രിസ്റ്റല്‍ പാലസിന്റെ പ്രതിരോധക്കോട്ട പൊളിക്കാന്‍ യുണൈറ്റഡിന് സാധിച്ചില്ല. ഒടുവില്‍ 89-ാം മിനിറ്റില്‍ ഡാനിയല്‍ ജെയിംസിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. ആന്തണി മാര്‍ഷ്യലിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. 

എന്നാല്‍ യുണൈറ്റഡിന്റെ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പാട്രിക്ക് വാന്‍ ആന്‍ഹോള്‍ട്ടിലൂടെ ക്രിസ്റ്റല്‍ പാലസ് വിജയഗോള്‍ കുറിച്ചു. 

ആദ്യ മത്സരത്തില്‍ ചെല്‍സിയെ നാലു ഗോളിന് തോല്‍പ്പിച്ച യുണൈറ്റഡ് രണ്ടാം മത്സരത്തില്‍ വോള്‍ഫ്‌സിനോട് സമനില വഴങ്ങിയിരുന്നു.

Content Highlights: Crystal Palace beat Manchester United