സാഗ്രെബ്: മുന്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2018-ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരം ഇപ്പോള്‍ പ്രൊഫഷണല്‍ ഫുട്‌ബോളും മതിയാക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. 

വെള്ളിയാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് മാന്‍സുകിച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

കരിയറില്‍ എ സി മിലാന്‍, യുവെന്റസ്, ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 35-ാം വയസിലാണ് ഇപ്പോള്‍ വിരമിക്കല്‍ തീരുമാനം.

ക്ലബ്ബ് കരിയറില്‍ 426 മത്സരങ്ങളില്‍ നിന്നായി 166 ഗോളുകള്‍ നേടിയിട്ടുണ്ട്. 

റഷ്യന്‍ ലോകകപ്പിലെ ക്രൊയേഷ്യയുടെ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. 11 വര്‍ഷക്കാലം ദേശീയ ടീമിനായി കളിച്ചു.

ക്രൊയേഷ്യയുടെ മികച്ച മുന്നേറ്റനിര താരമായി അറിയപ്പെടുന്ന മാന്‍സുകിച്ച് 89 കളിയില്‍നിന്നായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടു ലോകകപ്പുകളിലും രണ്ടു യൂറോ കപ്പിലും ക്രൊയേഷ്യയ്ക്കായി കളത്തിലിറങ്ങി. 

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടുകയും ചെയ്തിരുന്നു. 

Content Highlights: Croatia striker Mario Mandzukic retires from football