സാഗ്‌റെബ്: ക്രൊയേഷ്യന്‍ താരങ്ങള്‍ മോസ്‌ക്കോയില്‍ വെള്ളി മെഡല്‍ സ്വീകരിക്കുമ്പോള്‍ നാട്ടില്‍ ഹൃദയം തകര്‍ന്നിരിക്കുകയായിരുന്നു നിക്കോള കാലിനിച്ച്. അഹങ്കാരവും വാശിയും കാരണം ലോകകപ്പ് നഷ്ടപ്പെടുത്തിയ കാലിനിച്ചിന്റെ മനസ് നിറയെ കുറ്റബോധമായിരുന്നു. നൈജീരിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് ക്രൊയേഷ്യന്‍ ടീമില്‍ വിവാദ സംഭവമുണ്ടായത്. 86-ാം മിനിറ്റില്‍ പകരക്കാരനായി കാലിച്ചിനോട് ഇറങ്ങാന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ച് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പുറംവേദനയാണെന്ന് പറഞ്ഞ് ക്രൊയേഷ്യന്‍ മുന്നേറ്റതാരം കളത്തിലിറങ്ങാന്‍ വിസമ്മതിച്ചു. 

എന്നാല്‍ ഡാലിച്ചും ടീം ഡോക്ടര്‍മാരും ഇത് വിശ്വസിച്ചില്ല. കാരണം ഇതിന് മുമ്പും കാലിച്ച് ഇങ്ങിനെ വേദന അഭിനയിച്ചിട്ടുണ്ട്. ബ്രസീലിനെതിരേയും ഇംഗ്ലണ്ടിനെതിരേയുമുള്ള സൗഹൃദ മത്സരങ്ങളിലും ഇതേ കാരണം പറഞ്ഞ് കാലിനിച്ച് കളിക്കാതിരുന്നിരുന്നു. കാലിച്ചിന്റെ ഈ അഭിനയത്തില്‍ ഡാലിച്ച് കടുത്ത നടപടി സ്വീകരിച്ചു. അടുത്ത ദിവസം തന്നെ താരത്തെ ടീമില്‍ നിന്ന് പുറത്താക്കി. ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പെ കാലിനിച്ചിന് നാട്ടിലേക്ക് മടങ്ങിപ്പോരേണ്ടി വന്നു. കാലിനിച്ചെപ്പോലെ ആകാതിരിക്കുക എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. 

എന്നാല്‍ അവിശ്വസനീയമായിരുന്നു ലോകകപ്പില്‍ ക്രൊയേഷ്യയുടെ കുതിപ്പ്. ടീം ഫൈനല്‍ വരെയെത്തി വെള്ളി മെഡലുമായാണ് റഷ്യയില്‍ നിന്ന് മടങ്ങിയത്. നാട്ടിലും ക്രൊയേഷ്യന്‍ ടീമിന് ഗംഭീര സ്വീകരണം ലഭിച്ചു. ഇതെല്ലാം നിശബ്ദനായി നോക്കി നില്‍ക്കാനേ കാലിനിച്ചിന് കഴിഞ്ഞുള്ളു. പക്ഷേ ടീം കാലിനിച്ചിനായി ഒരു വെള്ളിമെഡല്‍ റഷ്യയില്‍ നിന്ന് കൊണ്ടുവന്നിരുന്നു. ഔദ്യോഗികമായി ടീമിന്റെ ഭാഗമായതിനാലണ് ഇത്.

എന്നാല്‍ ഈ വെള്ളിമെഡല്‍ വാങ്ങാന്‍ കാലിനിച്ച് വിസമ്മതിച്ചു. വെള്ളി മെഡലിന് നന്ദിയുണ്ടെന്നും റഷ്യയില്‍ കളിക്കാത്തതിനാല്‍ ആ മെഡല്‍ തനിക്ക് വേണ്ടെന്നുമായിരുന്നു കാലിനിച്ചിന്റെ പ്രതികരണം,. 

കാലിനിച്ച് പോയതോടെ മന്‍സൂക്കിച്ചിനെ ഏക സ്‌ട്രൈക്കറാക്കി പലപ്പോഴും ക്രൊയേഷ്യക്ക് കളിക്കേണ്ടി വന്നു. ആറു മത്സരങ്ങള്‍ കളിച്ച മന്‍സൂക്കിച്ച് ഫൈനലിലെ ഗോളടക്കം മൂന്നു ഗോളുകള്‍ നേടുകയും ചെയ്തു. നിലവില്‍ എസി മിലാന്റെ താരമാണ് കാലിനിച്ച്. ക്രൊയേഷ്യക്കായി 42 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും മുപ്പതുകാരന്‍ നേടിയിട്ടുണ്ട്. 

Content Highlights: Croatia's Kalinic turns down World Cup medal after being sent home