ലണ്ടന്‍: ആദ്യ പാദത്തില്‍ തങ്ങള്‍ക്കെതിരേ ആറു ഗോളുകള്‍ക്കു ജയിച്ച സ്‌പെയിനിനെ രണ്ടാം പാദത്തില്‍ അട്ടിമറിച്ച് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ. യൂവേഫ നേഷന്‍സ് കപ്പ് ഫുട്ബോള്‍ ലീഗ് എ-യില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ വിജയം. 

കഴിഞ്ഞ മാസം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 6-0നായിരുന്നു സ്‌പെയിനിന്റെ ജയം. ക്രൊയേഷ്യയോടേറ്റ അപ്രതീക്ഷിത തോല്‍വി യുവേഫ നേഷന്‍സ് കപ്പില്‍ സ്‌പെയിനിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി. ആറു പോയിന്റുമായി സ്‌പെയിന്‍ തന്നെയാണ് ഇപ്പോഴും ഗ്രൂപ്പില്‍ ഒന്നാമത്. നിലവില്‍ ഇംഗ്ലണ്ടിനും ക്രൊയേഷ്യയ്ക്കും നാലു പോയിന്റ് വീതമുണ്ട്. ഗോള്‍ ശരാശരിയില്‍ ഇംഗ്ലണ്ടാണ് മുന്നില്‍. ഇതോടെ ഞായറാഴ്ച വെംബ്ലിയില്‍ നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരഫലം ഗ്രൂപ്പില്‍ നിന്നുള്ള സെമിഫൈനലിസ്റ്റിനെ തീരുമാനിക്കും  

രണ്ടാം ഗ്രൂപ്പിലെ മത്സരത്തില്‍ മൂന്നാം ജയത്തോടെ ബെല്‍ജിയം സെമിഫൈനല്‍ ബര്‍ത്ത് ഏറക്കുറെ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബെല്‍ജിയം ഐസ്ലന്‍ഡിനെ മറികടന്നത്. ഞായറാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ സമനില പിടിച്ചാല്‍ ബെല്‍ജിയത്തിനു ഫൈനല്‍സിലേക്കു യോഗ്യത നേടാം.

ക്രോട്ടുകളുടെ തിരിച്ചുവരവ്

ആദ്യ രണ്ടു മത്സരം കഴിഞ്ഞപ്പോള്‍ പുറത്താകലിന്റെ വക്കിലായിരുന്നു ക്രൊയേഷ്യ. സ്‌പെയിനിനെതിരേ ജയം നേടിയില്ലെങ്കില്‍ പ്രതീക്ഷ അസ്തമിക്കും. എന്നാല്‍, പോരാട്ടവീര്യം സിരകളില്‍ നിറച്ച ടീം ഉണര്‍ന്നുപൊരുതിയപ്പോള്‍ സ്പാനിഷ് പട ഉലഞ്ഞുവീണു. ഇരട്ടഗോള്‍ നേടിയ ഇടതുവിങ്ബാക്ക് ടിന്‍ ജെദ്‌വാജിന്റെയും ഒരുതവണ ലക്ഷ്യം കണ്ട സ്ട്രൈക്കര്‍ ആന്ദ്രെ ക്രാമറിച്ചിന്റെയും മികവിലാണ് ക്രൊയേഷ്യ ജയത്തിലേക്ക് കയറിയത്. സ്‌പെയിനിനായി ഡാനി സെബല്ലോസ്, സെര്‍ജിയോ റാമോസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു.

സാഗ്രെബില്‍ നടന്ന മത്സരത്തില്‍ 93-ാം മിനിറ്റിലായിരുന്നു ജെദ്‌വാജിന്റെ വിജയഗോള്‍. 54-ാം മിനിറ്റില്‍ ആന്ദ്രെ ക്രാമറിച്ചാണ് ക്രൊയേഷ്യയുടെ ആദ്യഗോള്‍ നേടിയത്. ഡാനി സെബല്ലോസ് 56-ാം മിനിറ്റിലും സെര്‍ജിയോ റാമോസ് 78-ാം മിനിറ്റിലും സ്‌പെയിനിനായി സ്‌കോര്‍ ചെയ്തു.  

ക്രൊയേഷ്യയുടെ ജയത്തോടെ ഗ്രൂപ്പ് നാലില്‍ കാര്യങ്ങള്‍ സങ്കീര്‍ണമായി. നാലു മത്സരവും പൂര്‍ത്തിയായ സ്‌പെയിന്‍ ആറു പോയന്റുമായി മുന്നിലുണ്ട്. മൂന്നു മത്സരം കളിച്ച ക്രൊയേഷ്യയ്ക്കും ഇംഗ്ലണ്ടിനും നാലു പോയന്റ് വീതവും. അവസാനമത്സരവും ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലാണ്. ഇതില്‍ ജയിക്കുന്ന ടീം സെമിയിലെത്തും. സമനിലയാണെങ്കില്‍ സ്‌പെയിനാകും മുന്നേറുക. തോല്‍വിയോ 0-0 സമനിലയോ ആണെങ്കില്‍ ക്രൊയേഷ്യ തരം താഴ്ത്തപ്പെടും.

croatia beat spain uefa nations league

ഡിഗിയയുടെ പിഴവുകള്‍

ഗോള്‍ പോസ്റ്റിനു മുന്നില്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്ന ഡേവിഡ് ഡിഗിയക്കെതിരേ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ടിന്‍ ജെദ്‌വാജിന്റെ രണ്ടാം ഗോളും ആന്ദ്രെ ക്രാമറിച്ചിന്റെ ഗോളും ഡിഗിയയ്ക്കു തടയാമായിരുന്നു എന്നാണ് വിലയിരുത്തല്‍. ഡിഗിയയെ മാറ്റി കെപ അരിസബലാഗയ്ക്ക് അവസരം നല്‍കണമെന്ന് വ്യാപകമായി ആവശ്യമുയരുന്നുണ്ട്. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ റഷ്യയോടു തോറ്റു പുറത്തായ സമയത്തു തന്നെ ഡിഗിയയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

ജയം തുടര്‍ന്ന് ബെല്‍ജിയം

റൊമേലു ലൂക്കാക്കുവിന്റെ അഭാവത്തില്‍ സെന്‍ട്രല്‍ സ്ട്രൈക്കറായി അവസരം ലഭിച്ച മിച്ചി ബാറ്റ്സുവായിയുടെ ഇരട്ടഗോള്‍ മികവിലാണ് ബെല്‍ജിയം ഐസ്ലന്‍ഡിനെ തോല്‍പ്പിച്ചത്. ജയത്തോടെ ടീം സുരക്ഷിതമേഖലയിലാണ്. അവസാനമത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോല്‍ക്കാതിരുന്നാല്‍ ടീമിന് സെമിയിലെത്താം.

Content Highlights: croatia beat spain uefa nations league