കാര്‍ഡിഫ്:  മറ്റു താരങ്ങളെ കൂടി പ്രചോദിപ്പിച്ച് ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാനുള്ള ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ മികവ് റയല്‍ മാഡ്രിഡിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുമെന്ന് പരിശീലകനും മുന്‍ ഫ്രഞ്ച് താരവുമായ സിനദിന്‍ സിദാന്‍. റയല്‍ മാഡ്രിഡ് ടീമിന്റെ ശ്രദ്ധാകേന്ദ്രമായ ക്രിസ്റ്റ്യാനോയുടെ മികവില്‍ യുവന്റസിന്റെ വെല്ലുവിളി മറികടന്ന് കിരീടം നിലനിര്‍ത്താനുള്ള അവസാന തയ്യാറെടുപ്പിലാണ് റയല്‍. 27 വര്‍ഷം മുമ്പ് എ.സി മിലാനാണ് ഇതിനു മുമ്പ് തുടര്‍ച്ചയായി രണ്ടു തവണ കിരീടം നേടിയിട്ടുള്ളത്. 

റയലിന്റെ വിജയത്തില്‍ ക്രിസ്റ്റ്യാനോ നിര്‍ണായകമാകുമെന്നും ഓരോ താരങ്ങളെയും ഏല്‍പിച്ചിട്ടുള്ള ചുമതല കൃത്യമായി ചെയ്യണമെന്ന ബോധം അവരില്‍ ഉണ്ടാക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് കഴിയുമെന്നും സിദാന്‍ വ്യക്തമാക്കി.

''മറ്റുള്ളവരെക്കുറിച്ചും ആകുലതകുള്ള താരമാണ് ക്രിസ്റ്റ്യാനൊ. ഒരു നല്ല വ്യക്തി. ഗ്രൗണ്ടില്‍ ക്രിസ്റ്റ്യാനൊ എത്രത്തോളം പ്രൊഫഷണലാകുന്നുവോ അതിനനുസരിച്ചാകും കാര്യങ്ങള്‍'' സിദാന്‍ പറയുന്നു.

എപ്പോഴും വിജയിക്കണമെന്ന ആഗ്രഹമുള്ളയാളാണ് ക്രിസ്റ്റ്യാനോയെന്നും പരിശീലന സമയത്ത് കളിക്കുമ്പോള്‍ പോലും വിജയത്തില്‍ കുറഞ്ഞതൊന്നും ക്രിസ്റ്റ്യാനോയെ തൃപ്തിപ്പെടുത്തില്ലെന്നും സിദാന്‍ പറയുന്നു. ജന്മനാ കഴിവുള്ള താരമാണ് ക്രിസ്റ്റ്യാനോയെന്നും അദ്ദഹേത്തിന്റെ ഉള്ളില്‍ ഫുട്‌ബോള്‍ താരമാകാനുള്ള തീപ്പൊരി പണ്ടേയുണ്ടായിരുന്നുവെന്നും സിദാന്‍ വ്യക്തമാക്കി,

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തിയ ക്രിസ്റ്റ്യാനൊ  2014ലെ ഫൈനലിലും ഗോള്‍ നേടിയിരുന്നു. കരിയറില്‍ 400-ാം ഗോള്‍ നേടിയ ക്രിസ്റ്റ്യാനോയുടെ മികവിനൊപ്പം അഞ്ചു വര്‍ഷത്തിന് ശേഷം ലാ ലിഗ കിരീടം നേടിയ ആത്മവിശ്വാസവും റയലിനൊപ്പമുണ്ട്.