Photo: AP, AFP
റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരിടാന്‍ ലയണല്‍ മെസ്സി സൗദി അറേബ്യയിലെത്തുന്നതോടെ വീണ്ടുമൊരു ഇതിഹാസപോരാട്ടം കാണാന്‍ ഫുട്ബോള്‍ ലോകം ഒരുങ്ങി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന സൗദി അറേബ്യ ഓള് സ്റ്റാര്‍ ഇലവനും ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ കളിക്കുന്ന ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുമാണ് സൗഹൃദമത്സരത്തില്‍ നേര്‍ക്കുനേര്‍വരുന്നത്. വ്യാഴാഴ്ച രാത്രി 10.30-ന് റിയാദിലാണ് മത്സരം.
2020 ഡിസംബറില്‍നടന്ന ചാമ്പ്യന്‍സ് ലീഗില്‍ മുഖാമുഖം വന്നതിനുശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനാ താരം ലയണല്‍ മെസ്സിയും പരസ്പരം കളിച്ചിട്ടില്ല. അന്ന് മെസ്സി ബാഴ്സയ്ക്കും ക്രിസ്റ്റ്യാനോ യുവന്റസിനുമാണ് കളിച്ചത്.
36 മത്സരങ്ങളിലാണ് ഇരുതാരങ്ങളും നേര്‍ക്കുനേര്‍വന്നത്. ഇതില്‍ മെസ്സിയുടെ ടീം 16 തവണയും ക്രിസ്റ്റ്യാനോ കളിച്ച ടീം 11 കളിയിലും ജയിച്ചു. മെസ്സി മൊത്തം 22 ഗോളടിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ 21 ഗോളും നേടി.
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദാക്കിയശേഷമാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബ് അല്‍ നസ്റിലേക്ക് ചേക്കേറിയത്. എന്നാല്‍, ക്ലബ്ബിനായി ഇതുവരെ അരങ്ങേറിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഓള് സ്റ്റാര്‍ ടീമിന്റെ ക്യാപ്റ്റനായി ക്രിസ്റ്റ്യാനോയെ പ്രഖ്യാപിച്ചത്. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരേ ഗോള്‍ നേടിയ സൗദി താരം സലേം അല്‍ ദവാസരിയും ടീമില്‍ കളിക്കും. അല്‍ നസ്ര്, അല്‍ ഹിലാല്‍ ക്ലബ്ബുകളിലെ താരങ്ങളാണ് ടീമില്‍.ഫ്രഞ്ച് ലീഗ് വണ്ണില്‍ റെന്നെസിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ഫ്രഞ്ച് ക്ലബ്ബ് വരുന്നത്.
മെസ്സിയെ സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ ലക്ഷ്യംവെക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മത്സരം നടക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ പോരാട്ടമായതിനാല്‍ ടിക്കറ്റിന് വന്‍ഡിമാന്റാണ്.
Content Highlights: Cristiano Ronaldo vs Lionel Messi match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..