മൊണാക്കോ: യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരമായി വീണ്ടും ക്രിസ്റ്റിയാനൊ റൊണാള്‍ഡോ. തുടര്‍ച്ചയായ രണ്ടാം തവണയാണ് റയല്‍ മാഡ്രിഡ് താരം ഈ നേട്ടം കൈവരിക്കുന്നത്. ബാഴ്‌സലോണയുടെയ ലണയല്‍ മെസ്സിയെയും യുവന്റസിന്റെ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ നേട്ടം കൈവരിച്ചത്.

ലാ ലിഗ കഴിഞ്ഞ സീസണില്‍ 25 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനൊ ചാമ്പ്യന്‍സ് ലീഗില്‍ 13 മത്സരങ്ങളില്‍ നിന്ന് 12 ഗോളും നേടി. മൊണാക്കോയില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പിനിടെയാണ് മികച്ച താരത്തെ പ്രഖ്യാപിച്ചത്.

ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ നിലനിര്‍ത്തിയപ്പോള്‍ അതില്‍ ക്രിസ്റ്റ്യാനോയുടെ പങ്ക് നിര്‍ണായകമായിരുന്നു. സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന ബയറണ്‍ മ്യൂണിക്കിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹാട്രിക് അടക്കം ക്രിസ്റ്റ്യാനൊ അഞ്ച് ഗോള്‍ നേടിയിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിഫൈനല്‍ ആദ്യ പാദത്തിലും ക്രിസ്റ്റ്യാനൊ ഹാട്രിക് അടിച്ചു. യുവന്റസിനെതിരായ ഫൈനലിലും പോര്‍ച്ചുഗീസ് താരം രണ്ടു ഗോളുകള്‍ നേടി.

രണ്ടു തവണ ലയണല്‍ മെസ്സി യൂറോപ്പിലെ മികച്ച താരമായിട്ടുണ്ട്. മെസ്സിയേയും ക്രിസ്റ്റ്യാനോയേയും കൂടാതെ ബാഴ്‌സലോണയുടെ ആന്ദ്രെ ഇനിയസ്റ്റ, ബയറണ്‍ മ്യൂണിക്കിന്റെ ഫ്രാങ്ക് റിബറി എന്നിവരും ഈ പുരസ്‌കാരം നേടി. 

ഈ സീസണിലെ മികച്ച ഗോള്‍കീപ്പറായി ബഫണെ തിരഞ്ഞെടുത്തപ്പോള്‍ സെര്‍ജിയോ റാമോസാണ് മികച്ച ഡിഫന്‍ഡര്‍. ലൂക്കാ മോഡ്രിച്ച് മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച മുന്നേറ്റ താരത്തിനുള്ള പുരസ്‌കാരവും ക്രിസ്റ്റ്യാനോയ്ക്കാണ്. പൗലോ ദ്യബാല, മെസ്സി എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനൊ മികച്ച മുന്നേറ്റതാരമായത്. 

80 പരിശീലകരും 55 മാധ്യമപ്രവര്‍ത്തരും ചെയത് വോട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്റ്റിയാനോയെ മികച്ച താരമായി തിരഞ്ഞെടുത്തത്. ചാമ്പ്യന്‍സ് ലീഗിന്റെയോ യൂറോപ്പ ലീഗിന്റെയോ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ടീമുകളുടെ പരിശീലകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.