മാഞ്ചെസ്റ്റര്‍: ലോകത്തിലേറ്റവുമധികം പണം സമ്പാദിക്കുന്ന ഫുട്‌ബോളറായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരമാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയത്.

പുതിയ സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെത്തിയതോടെയാണ് താരത്തിന്റെ സമ്പാദ്യം വര്‍ധിച്ചത്. ഫോര്‍ബ്‌സിന്റെ കണക്കുകള്‍ പ്രകാരം താരം 125 മില്യണ്‍ ഡോളര്‍ (ഏകദേശം 1083 കോടി രൂപ) റൊണാള്‍ഡോ കളിക്കളത്തിലൂടെയും പരസ്യത്തിലൂടെയുമെല്ലാം സമ്പാദിച്ചു. ഇതില്‍ 70 മില്യണ്‍ ശമ്പളത്തിലൂടെയും ബോണസിലൂടെയും ലഭിച്ചു. ബാക്കിയുള്ള തുക പരസ്യങ്ങളില്‍ നിന്നാണ് ലഭിച്ചത്. 

റൊണാള്‍ഡോയ്ക്ക് പിന്നില്‍ പി.എസ്.ജിയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയാണുള്ളത്. മെസ്സി 110 മില്യണ്‍ ഡോളറാണ് (ഏകദേശം 952 കോടി രൂപ) സമ്പാദിച്ചിരിക്കുന്നത്. അതില്‍ 75 മില്യണ്‍ ശമ്പളവും ബാക്കി തുക പരസ്യവരുമാനവുമാണ്. പി.എസ്.ജിയുടെ തന്നെ താരങ്ങളായ നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍.

Content Highlights: Cristiano Ronaldo topples Lionel Messi as Forbes' highest-earning footballer