ടൂറിന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ സീസണില്‍ യുവന്റസില്‍ തന്നെ തുടരുമെന്ന് സൂചിപ്പിച്ച് ക്ലബ് ഡയറക്ടര്‍ പേവല്‍ നെദ്വെദ്. 36-കാരനായ പോര്‍ച്ചുഗീസ് നായകന്‍ ഈ സീസണില്‍ ക്ലബ്ബ് വിടുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് പേവല്‍ ഇക്കാര്യം സൂചിപ്പിച്ചത്.

റൊണാള്‍ഡോ ഈ സീസണില്‍ യുവന്റസില്‍ തുടരാനാണ് സാധ്യതയെന്നും ക്ലബ്ബ് മാറുന്നതിനേക്കുറിച്ച് ഇതുവരെ താരം സംസാരിച്ചിട്ടില്ലെന്നും പേവല്‍ വ്യക്തമാക്കി. നിലവില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ് താരം. ജൂലായ് 25 ന് താരം ക്ലബ്ബിനൊപ്പം ചേരും.

അടുത്ത വര്‍ഷം ജൂണിലാണ് യുവന്റസുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ അവസാനിക്കുക. ഇത്തവണ കിരീടം നഷ്ടപ്പെട്ടതോടെയാണ് റൊണാള്‍ഡോ ക്ലബ്ബ് മാറുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. കഴിഞ്ഞ സീസണില്‍ യുവന്റസിനായി 29 ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ക്കുള്ള സീരി എ പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു.

ഈ സീസണില്‍ യുവന്റസ് വിട്ട് തന്റെ പഴയ ക്ലബ്ബുകളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്കോ സ്‌പോര്‍ട്ടിങ്ങിലേക്കോ മടങ്ങാനാണ് താരം പദ്ധതിയിട്ടിരിക്കുന്നത് എന്ന വാര്‍ത്ത ഫുട്‌ബോള്‍ ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഇക്കഴിഞ്ഞ യൂറോ കപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു.

പുതിയ സീസണില്‍ കുറച്ചുതാരങ്ങളെ ടീമിലെത്തിക്കാന്‍ യുവന്റസ് പരിശ്രമിക്കുന്നുണ്ട്. മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്നും ഗബ്രിയേല്‍ ജെസ്യൂസിനെയും എവര്‍ട്ടണ്‍ സ്‌ട്രൈക്കര്‍ മോയിസ് കീനിനെയും സസുവോളോയില്‍ നിന്നും പുത്തന്‍ താരോദയം മാനുവേല്‍ ലോക്കാട്ടെല്ലിയെയും ടീമിലെത്തിക്കാനാണ് പേവലും സംഘവും ശ്രമിക്കുന്നത്.

Content Highlights: Cristiano Ronaldo to stay at Juventus with 'No Signs' to leave Turin, confirms club Director Pavel Nedved