മാഡ്രിഡ്: അടുത്ത സീസണിലേക്ക് വമ്പന്‍മാരെ വലവീശിപ്പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്. ഈ സീസണ്‍ അവസാനിക്കുന്നതോടെ പ്രമുഖ താരങ്ങളായ ഗരെത് ബെയിലും കരീം ബെന്‍സിമയും ക്ലബ്ബ് വിട്ടേക്കും. ഇവര്‍ക്ക് പകരക്കാരായി വമ്പന്‍മാരെ ടീമിലെത്തിക്കാന്‍ കീശ വീര്‍പ്പിച്ച് കാത്തിരിക്കുകയാണ് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ്. 

ഇതിനിടെ ക്ലബ്ബിന്റെ ട്രാന്‍സ്ഫര്‍ പദ്ധതികളില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ടീമിന്റെ ഐക്കൺ  താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. ലിവര്‍പൂള്‍ താരം മുഹമ്മദ് സലയേയും ചെല്‍സി വിങ്ങര്‍ എഡന്‍ ഹസാര്‍ഡിനെയും ടീമിലെത്തിക്കണമെന്നാണ് ക്രിസ്റ്റ്യാനോയുടെ ആവശ്യം. അതേസമയം ബയേണ്‍ മ്യൂണിക്ക് ഗോള്‍ മെഷീന്‍ ലെവന്‍ഡോസ്‌കിയെ ടീമിലെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ക്രിസ്റ്റ്യാനോ നിര്‍ദേശിച്ചതായാണ് വിവരം.

മിന്നും ഫോമില്‍ നില്‍ക്കുന്ന സലയില്‍ ക്ലബ്ബ് അധികാരികള്‍ക്കും താത്പര്യമുണ്ട്. കഴിഞ്ഞ സീസണില്‍ ഹസാര്‍ഡിനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും  അദ്ദേഹത്തിന് കണങ്കാലിന് പരിക്കേറ്റതോടെ റയല്‍ ശ്രമം അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: Cristiano Ronaldo tells Real Madrid to sign Mohamed Salah or Eden Hazard