ജിദ്ദ: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം യുവെന്റസിന്. സൗദിയില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ എ.സി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് യുവെന്റസ് കിരീടത്തില്‍ മുത്തമിട്ടത്. 

ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തിന്റെ 61-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. യുവെന്റസ് ജേഴ്‌സിയില്‍ റൊണാള്‍ഡോ നേടുന്ന ആദ്യ കിരീടമാണിത്.

73-ാം മിനിറ്റില്‍ മിലാന്‍ താരം ഫ്രാങ്ക് കെസ്സി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ അവസാന മിനിറ്റുകളില്‍ 10 പേരുമായാണ് മിലാന്‍ കളിച്ചത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ഗോളുകള്‍ മാത്രം വന്നില്ല. അതിനിടെ യുവെ താരം മാറ്റിയൂഡി സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. പിന്നാലെ 61-ാം മിനിറ്റില്‍ റോണോയുടെ ഗോളെത്തി. ഹെഡറില്‍ നിന്നായിരുന്നു ഗോള്‍.

വിജയത്തോടെ യുവെന്റസ് ഏറ്റവുമധികം തവണ (എട്ട്) സൂപ്പര്‍ കപ്പ് നേടുന്ന ടീമായി. കോപ്പ ഇറ്റലിയെ ജേതാക്കളും സീരി എ ജേതാക്കളും തമ്മിലാണ് സൂപ്പര്‍ കപ്പ് മത്സരം നടക്കാറുള്ളത്.

Content Highlights: cristiano ronaldo seals italian super cup for Juventus