ബാഴ്സലോണ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളടിച്ച മത്സരത്തില്‍ യുവന്റസിനോട് സ്വന്തം തട്ടകത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങി ബാഴ്സലോണ. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയിലെ എതിരാളികളായ യുവന്റസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍വി സമ്മതിച്ചത്.
യുവന്റസിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ ബാഴ്സയ്ക്ക് വേണ്ടി ഇറങ്ങിയ മെസി കളിക്കളത്തില്‍ നിഷ്പ്രഭനായി. പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോയുടെ രണ്ടു ഗോളുകളും. റൊണാള്‍ഡോയ്ക്ക് പുറമേ വെസ്റ്റന്‍ മക്കെന്നിയും യുവന്റസിന് വേണ്ടി ഒരു ഗോള്‍ നേടി.
13-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ യുവന്റസിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ 20 മിനിറ്റ് പൂര്‍ത്തിയാകുമ്പോള്‍ തന്നെ ബാഴ്സയുടെ വല രണ്ട് തവണ കുലുങ്ങി. വെസ്റ്റന്‍ മക്കെന്നിയുടെ രണ്ടാം ഗോള്‍ വീണതോടെ മെസിയും കൂട്ടരും പ്രതിരോധത്തിലായി. മത്സരത്തിന്റെ 52-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. മൂന്നാം ഗോള്‍ കൂടി വഴങ്ങിയതോടെ ബാഴ്സയ്ക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല.
ബാഴ്സയ്ക്കെതിരായ ജയത്തോടെ 15 പോയിന്റുമായി യുവന്റസ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി.നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ബാഴ്സ ഇത്രതന്നെ പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. നേരത്തെ ഒക്ടോബറില്‍ റൊണാള്‍ഡോ ഇല്ലാതെ ബാഴ്‌സലോണയ്ക്കെതിരെ ഇറങ്ങിയ യുവന്റസ് 2-0ന് തോറ്റിരുന്നു.
Content Highlights: Cristiano Ronaldo scores twice as Juventus crush Lionel Messi's troubled Barcelona