റോം: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ യുവന്റസിന് ജയം. ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ കാഗ്ലിയാരിയെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. 38, 42 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. ഇതോടെ ലീഗില്‍ അവസാന അഞ്ചുമത്സരങ്ങളില്‍ നിന്നായി ക്രിസ്റ്റ്യാനോ എട്ടുഗോളുകള്‍ സ്വന്തമാക്കി.
എട്ട് കളിയില്‍ 16 പോയിന്റായ യുവന്റസ് ലീഗില്‍ നാലാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്നും 20 പോയന്റുള്ള എ.സി.മിലാനാണ് പട്ടികയില്‍ ഒന്നാമത്.
എ.സി മിലാന്‍ നാപ്പോളിയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു.സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രഹാമോവിച്ചിന്റെ ഇരട്ട ഗോള്‍ മികവിലാണ് മിലാന്‍ വിജയിച്ചത്. 20, 54 മിനിട്ടുകളില്‍ താരം സ്‌കോര്‍ ചെയ്തു. ഹൗഗ് മൂന്നാം ഗോള്‍ നേടി. നാപ്പോളിയ്ക്കായി മെര്‍ട്ടെന്‍സ് ആശ്വാസ ഗോള്‍ കണ്ടെത്തി.
മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന്‍ ടോറിനോയെ കീഴടക്കി. രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ററിന്റെ വിജയം. റൊമേലു ലുക്കാക്കു ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ അലെക്‌സി സാഞ്ചെസ്, മാര്‍ട്ടിനെസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. എട്ടുകളികളില്‍ നിന്നും നാലുവിജയങ്ങളുള്ള ഇന്റര്‍ പട്ടികയില്‍ അഞ്ചാമതാണ്. സസ്സുവോളോ, റോമ എന്നീ ടീമുകളാണ് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍.
Content Highlights: Cristiano Ronaldo scores twice as Juventus beat Cagliari