Photo: twitter.com/AlNassrFC_EN
റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിന്റെ രക്ഷകനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിര്‍ണായക മത്സരത്തില്‍ അല്‍ ഷബാബിനെതിരേ അല്‍ നസ്‌റിനായി വിജയഗോള്‍ നേടിക്കൊണ്ട് റൊണാള്‍ഡോ ആരാധകരുടെ മനം കവര്‍ന്നു. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
ഒരു ഘട്ടത്തില്‍ 2-0 ന് പിന്നില്‍ നിന്ന അല്‍ നസ്ര്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. 25-ാം മിനിറ്റിലും 40-ാം മിനിറ്റിലും ഗോളടിച്ച് ക്രിസ്റ്റ്യൻ ഗ്വാന്‍സ അല്‍ ഷബാബിന് 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍ 44-ാം മിനിറ്റില്‍ ടലിസ്‌ക അല്‍ നസ്‌റിനായി ഒരു ഗോള്‍ മടക്കി.
രണ്ടാം പകുതിയില്‍ അബ്ദുല്‍റഹ്‌മാന്‍ ഖരീബ് 51-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ അല്‍ നസ്ര്‍ മത്സരത്തില്‍ സമനില നേടി. എട്ട് മിനിറ്റുകള്‍ക്ക് ശേഷമാണ് റൊണാള്‍ഡോയുടെ ഉഗ്രന്‍ ഗോള്‍ പിറന്നത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ സൂപ്പര്‍താരം എതിരാളികളെ കബിളിപ്പിച്ച് ഷോട്ടുതിര്‍ത്തു. റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റിന്റെ വലത്തേമൂലയില്‍ തുളച്ചുകയറി. ഈ ഗോളിന്റെ ബലത്തില്‍ അല്‍ നസ്ര്‍ വിജയം സ്വന്തമാക്കി.
ഈ വിജയത്തോടെ ക്ലബ് കിരീടപ്രതീക്ഷ സജീവമാക്കി. സൗദി പ്രോ ലീഗില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് അല്‍ നസ്‌റിന് ശേഷിക്കുന്നത്. നിലവില്‍ 28 മത്സരങ്ങളില്‍ നിന്ന് 63 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 66 പോയന്റുള്ള അല്‍ ഇത്തിഹാദാണ് ഒന്നാമത്. അടുത്ത രണ്ട് മത്സരഫലങ്ങള്‍ കിരീടജേതാവിനെ നിര്‍ണയിക്കും. റൊണാള്‍ഡോ സൗദി പ്രോ ലീഗിന്റെ ഈ സീസണില്‍ അല്‍ നസ്‌റിനുവേണ്ടി റൊണാള്‍ഡോ നേടുന്ന 14-ാം ഗോളാണിത്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ താരം അഞ്ചാമതാണ്.
Content Highlights: Cristiano Ronaldo scores a stunner to keep Al Nassr alive in Saudi Pro League title race
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..