പനാജി: ഗോവയില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചു. ഗോവയിലെ കാലന്‍ഗുട്ടെയിലാണ് റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചത്. പുതിയ തലമുറയ്ക്ക് പ്രചോദനമേകുന്നതിനുവേണ്ടിയാണ് പ്രതിമ സ്ഥാപിച്ചതെന്ന് ഗോവന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

410 കിലോ ഭാരം വരുന്ന പ്രതിമ ഗോവയുടെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുമെന്ന് മന്ത്രി മൈക്കില്‍ ലോബോ പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യയില്‍ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിക്കുന്നത്. 

'യുവതലമുറയ്ക്ക് പ്രചോദനമേകുന്നതിനുവേണ്ടിയാണ് റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചത്. ഫുട്‌ബോള്‍ കളിച്ചുതുടങ്ങിയ കുട്ടിത്താരങ്ങള്‍ക്ക് റൊണാള്‍ഡോയെപ്പോലെ വലിയ പ്രതിഭയാകാന്‍ സാധിക്കണം. അതിനുവേണ്ടി മികച്ച ഗ്രൗണ്ടും ഫുട്‌സാല്‍ സ്റ്റേഡിയവുമെല്ലാം പണിയും. ഏറെ കഴിവുള്ള താരങ്ങളാണ് നമുക്കുള്ളത്. അവര്‍ക്ക് വേണ്ട രീതിയില്‍ പരിശീലനം നല്‍കിയാല്‍ ഇന്ത്യയില്‍ നിന്നും ഒരു റൊണാള്‍ഡോ പിറക്കും'- ലോബോ കൂട്ടിച്ചേര്‍ത്തു. 

ഗോവന്‍ സര്‍ക്കാരാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. പ്രതിമ സ്ഥാപിച്ചതിനെതിരേ ശബ്ദമുയര്‍ത്തിയവര്‍ ഇന്ത്യയുടെ കായിക വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാണെന്ന് മന്ത്രി പറഞ്ഞു. 

12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രതിമ സ്ഥാപിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രതിമയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍  നടക്കുകയായിരുന്നു. കോവിഡ് മൂലമാണ് നിര്‍മാണം നീണ്ടത്. 

Content Highlights: Cristiano Ronaldo's statue installed in Calangute, Goa