ബല്‍ഗ്രേഡ്: പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ലേലത്തില്‍ പോയത് 55 ലക്ഷം രൂപയ്ക്ക്. 

സെര്‍ബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആംബാന്‍ഡ് ലേലത്തിനുവെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ ദര്‍ദെവിക്ക് എന്ന കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം ശേഖരിക്കാനാണിത്.

സെര്‍ബിയയിലെ 'മൊസാര്‍ട്ട്' എന്ന ബെറ്റിങ് കമ്പനിയാണ് റൊണാള്‍ഡോയുടെ ആം ബാന്‍ഡ് 7.5 ദശലക്ഷം ദിനാറിന് (ഏകദേശം 55 ലക്ഷം രൂപ) ലേലത്തില്‍ പിടിച്ചത്. 

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സെര്‍ബിയയ്ക്കെതിരേ ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോയുടെ ഷോട്ട് പ്രതിരോധനിരതാരം രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഗോള്‍വര കടന്നിരുന്നു. എന്നാല്‍, റഫറി ഗോള്‍ അനുവദിച്ചില്ല. മത്സരം 2-2ന് സമനിലയില്‍ നില്‍ക്കെയായിരുന്നു സംഭവം.

ഇതോടെ ക്ഷുഭിതനായ പോര്‍ച്ചുഗല്‍ താരം നായകന്റെ ആംബാന്‍ഡ് ഗ്രൗണ്ടില്‍ വലിച്ചെറിഞ്ഞ് കളിതീരുംമുമ്പേ കളംവിട്ടിരുന്നു.

താരം വലിച്ചെറിഞ്ഞ ഈ ആം ബാന്‍ഡ് സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരനാണ് സെര്‍ബിയയിലെ ജീവകാരുണ്യ കൂട്ടായ്മയ്ക്ക് കൈമാറിയത്.

Content Highlights: Cristiano Ronaldo s armband sold for over 75,000 USD