രാധകര്‍ക്ക് ആഘോഷിക്കാനുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ക്ലബ്ബ് ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണി അവസാനിച്ചത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പുതിയ ക്ലബ്ബുകളിലേക്ക് ചേക്കേറിയതാണ് ഫുട്‌ബോള്‍ ലോകത്തെ ഇളക്കി മറിച്ച പ്രധാന വാര്‍ത്ത. മെസ്സി പി.എസ്.ജിയിലേക്കും റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്കും പറന്നു.

പുതിയ തട്ടകത്തില്‍ പുതിയ നമ്പര്‍ ജഴ്‌സിയാണ് മെസ്സിയ്ക്ക് ലഭിച്ചത്. തന്റെ സ്ഥിരം പത്താം നമ്പര്‍ ജഴ്‌സിയ്ക്ക് പകരം പി.എസ്.ജിയില്‍ 30-ാം നമ്പര്‍ ജഴ്‌സിയാണ് താരത്തിന് ലഭിച്ചത്. മറുവശത്ത് റൊണാള്‍ഡോയ്ക്ക് തന്റെ പ്രിയപ്പെട്ട ഏഴാം നമ്പര്‍ ജഴ്‌സി ലഭിച്ചു. യുണൈറ്റഡില്‍ കളിച്ചാണ് താരം ലോകോത്തര താരമായി വളര്‍ന്നതും സി.ആര്‍. സെവന്‍ എന്ന ജഴ്‌സി ആരാധകര്‍ സ്വീകരിച്ച് തുടങ്ങിയതും. ടീമിലേക്കുള്ള രണ്ടാം വരവില്‍ റൊണാള്‍ഡോയ്ക്ക് അതേ ജഴ്‌സി സമ്മാനമായി ക്ലബ്ബ് നല്‍കുകയും ചെയ്തു. 

പുതിയ ജഴ്‌സികളിലേക്ക് താരങ്ങള്‍ ചേക്കേറിയതോടെ ആരാധകരും ആവേശത്തിലായി. പി.എസ്.ജിയുടെയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെയും ജഴ്‌സി വാങ്ങാനായി ആരാധകര്‍ തിരക്കുകൂട്ടി. യുണൈറ്റഡും പി.എസ്.ജിയും റൊണാള്‍ഡോയുടെയും മെസ്സിയുടെയും ലക്ഷക്കണക്കിന് ജഴ്‌സികള്‍ വിറ്റഴിച്ചു. ഇതിലൂടെ നല്ലൊരു തുക ഇരുടീമുകളും സമാഹരിച്ചു. 

ജഴ്‌സികളുടെ വിറ്റുവരവില്‍ മെസ്സിയുടെ 30-ാം നമ്പറിനെ കടത്തിവെട്ടിയിരിക്കുകയാണ് സി.ആര്‍.സെവന്‍. ലവ് ദ സെയില്‍സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിന്റെ കണക്കുകള്‍ പ്രകാരം റൊണാള്‍ഡോയാണ് മെസ്സിയേക്കാളേറെ ആരാധകരിലേക്ക് ഇറങ്ങിച്ചെന്നത്. ഇതുവരെ ഏകദേശം 13.1 മില്യണ്‍ യൂറോ (ഏകദേശം 113 കോടി രൂപ)യാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് റൊണാള്‍ഡോയുടെ ജഴ്‌സി വിറ്റ വകയില്‍ മാത്രമായി ലഭിച്ചത്. 

മെസ്സിയുടെ ജഴ്‌സി വിറ്റ വകയില്‍ പി.എസ്.ജിയ്ക്ക് 7.3 മില്യണാണ് (ഏകദേശം 63 കോടി രൂപ) ലഭിച്ചത്. മെസ്സി പി.എസ്.ജിയില്‍ വന്ന ശേഷമാണ് റൊണാള്‍ഡോ യുണൈറ്റഡിലെത്തിയത്. എന്നിട്ടും വെറും രണ്ടാഴ്ച കൊണ്ട് മെസ്സിയേക്കാള്‍ മുന്നിലെത്താന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒരു ഫുട്‌ബോള്‍ താരത്തിന്റെ ജഴ്‌സി ഇത്ര വേഗത്തില്‍ വിറ്റുപോകുന്നത്. 

നാളെ നടക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോ യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ചേക്കും. മെസ്സി ഇതിനോടകം പി.എസ്.ജിയ്ക്ക് വേണ്ടി ആദ്യ മത്സരം കളിച്ചിരുന്നു.

Content Highlights: Cristiano Ronaldo pips Lionel Messi as Manchester United's shirt sales