ടൂറിന്‍: ആരാധകരുടെ കാത്തിരിപ്പിന് വിട, ഒടുവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചു. ഒന്നല്ല, രണ്ടുതവണ. സീരി എ യില്‍ ആദ്യ മൂന്നു മത്സരത്തിലും ഗോള്‍ നേടാനാവാതെ പോയ സൂപ്പര്‍ താരം നാലാമത്തെ കളിയില്‍ ഇരട്ടപ്രഹരത്തോടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളിന് യുവന്റസ് സാസുവോളയെ തോല്‍പ്പിച്ചു(2-1). 50, 65 മിനിറ്റുകളിലായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ഗോളുകള്‍. ഖൗമ ബാബകാര്‍ (90) സാസുവോളയ്ക്കായി സ്‌കോര്‍ ചെയ്തു.

റയല്‍ മഡ്രിഡില്‍നിന്ന് ഈ സീസണില്‍ റെക്കോഡ് തുകയ്ക്ക് യുവന്റസ് സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയ്ക്ക് ആദ്യ മൂന്ന് മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. 33-കാരന്‍ ഫോമിലേക്ക് തിരികെയെത്തിയത് ചൊവ്വാഴ്ച തുടങ്ങുന്ന ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് കൂടുതല്‍ ആത്മവിശ്വാസം പകരും.

നാലു കളിയില്‍ നാലും ജയിച്ച യുവന്റസ് തന്നെയാണ് ഇറ്റാലിയന്‍ ലീഗില്‍ ഒന്നാമത്. 12 പോയിന്റാണ് അവരുടെ സമ്പാദ്യം.

Content Highlights: Cristiano Ronaldo opens account at Juventus