റോണോ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബ് വലന്‍സിയക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിലക്ക് ഒരു മത്സരത്തിലേക്ക് മാത്രമായി ചുരുക്കി. ഇതോടെ ഓള്‍ഡ് ട്രാഫോഡില്‍ തന്റെ മുന്‍ ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരെ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റോണോയ്ക്ക് കളിക്കാം.

റൊണാള്‍ഡോയുടെ അപ്പീലില്‍ ഇന്നാണ് യുവേഫ തീരുമാനമെടുത്തത്. ഇതോടെ യങ് ബോയ്‌സിന് എതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരം മാത്രമേ റൊണാള്‍ഡോക്ക് നഷ്ടമാവുകയുള്ളൂ. ഇതോടെ മാഞ്ചെസ്റ്റര്‍ ആരാധകര്‍ പ്രതീക്ഷിച്ച ഓള്‍ഡ് ട്രാഫോഡിലേക്കുള്ള റൊണാള്‍ഡോയുടെ മടക്കം ഏറെക്കുറേ ഉറപ്പായി. മാഞ്ചെസ്റ്റര്‍ വിട്ടിട്ട് പത്തു വര്‍ഷത്തിനടുത്തായെങ്കിലും ഇപ്പോഴും ഇംഗ്ലണ്ടില്‍ റൊണാള്‍ഡോയ്ക്ക് ആരാധകരേറെയാണ്.

റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു വലന്‍സിയക്കെതിരേ റൊണാള്‍ഡോയുടെ ചുവപ്പുകാര്‍ഡില്‍ കാര്‍ഡില്‍ കലാശിച്ചത്. വലന്‍സിയയുടെ ബോക്സിനുള്ളില്‍ പന്തിനായുള്ള സംഘര്‍ഷത്തിനിടയില്‍ ഡിഫന്‍ഡര്‍ ജെയ്സണ്‍ മുറില്ലോയുടെ മുടിയില്‍ പിടിച്ച് വലിക്കുകയായിരുന്നു റൊണാള്‍ഡോ. 

പോര്‍ച്ചുഗീസ് താരത്തിന്റെ കൈ ദേഹത്ത് തട്ടിയതുപോലെ അഭിനയിച്ച് ആദ്യം മുറില്ലോ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. ഇതുകണ്ട് ദേഷ്യം വന്ന ക്രിസ്റ്റിയാനോ എണീക്കാന്‍ ആക്രോശിച്ച് മുറില്ലോയുടെ മുടി പിടിച്ചുവലിച്ചു. തുടര്‍ന്ന് ഇരുതാരങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തി. 

ഇതെല്ലാം കണ്ടുനിന്ന റഫറി ചുവപ്പ് കാര്‍ഡ് റൊണാള്‍ഡോയ്ക്ക് നേരെ ഉയര്‍ത്തി. അസിസ്റ്റന്റ് റഫറിമാരുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ആ തീരുമാനം. റഫറിയുടെ തീരുമാനത്തില്‍ ഞെട്ടലോടെ റൊണാള്‍ഡോ ഗ്രൗണ്ടിലിരുന്നു. തീരുമാനം മാറ്റാന്‍ റഫറിയുമായി കുറേ വാദിച്ചു നോക്കി. പക്ഷേ ഫലമുണ്ടായില്ല. ഒടുവില്‍ കരഞ്ഞുകൊണ്ടാണ് താരം മൈതാനം വിട്ടത്.

Content Highlights: cristiano ronaldo one game ban manchester united