ഫാറോ (പോര്‍ച്ചുഗല്‍): ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലക്‌സംബര്‍ഗിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറിലെ 58-ാം ഹാട്രിക്ക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. 

എട്ടാം മിനിറ്റിലും 13-ാം മിനിറ്റിലും ലഭിച്ച പെനാല്‍റ്റികള്‍ ലക്ഷ്യത്തിലെത്തിച്ച റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. പിന്നാലെ 17-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിന്റെ മൂന്നാം ഗോള്‍ നേടി. 

ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് മുന്നിട്ടു നിന്ന പോര്‍ച്ചുഗല്‍ 69-ാം മിനിറ്റില്‍ ജാവോ പാലിന്യയിലൂടെ നാലാം ഗോളും നേടി. 

87-ാം മിനിറ്റില്‍ റൊണാള്‍ഡോ തന്റെ ഹാട്രിക്കും പോര്‍ച്ചുഗലിന്റെ ഗോള്‍പട്ടികയും പൂര്‍ത്തിയാക്കി. 

ജയത്തോടെ ഗ്രൂപ്പ് എയില്‍ ആറു മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്.

Content Highlights: Cristiano Ronaldo nets hat-trick as Portugal thrash Luxembourg