ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 

13 വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ റൊണാള്‍ഡോ ആദ്യ മാസം തന്നെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ചരിത്രം കുറിച്ചു. യുവന്റസില്‍ നിന്നും യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാള്‍ഡോ ചുവന്ന ചെകുത്താന്മാര്‍ക്ക് വേണ്ടി മൂന്നുതവണയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വലകുലുക്കിയത്. 

റൊണാള്‍ഡോയുടെ കരിയറിലെ അഞ്ചാമത്തെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരമാണിത്. 2008 മാര്‍ച്ചിലാണ് താരം അവസാനമായി ഈ പുരസ്‌കാരം സ്വന്തമാക്കിയത്. യുണൈറ്റഡിലേക്കുള്ള റൊണാള്‍ഡോയുടെ മടങ്ങിവരവ് ഫുട്‌ബോള്‍ ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു.

രണ്ടാം വരവിലെ ആദ്യ മത്സരത്തില്‍ തന്നെ ന്യൂ കാസില്‍ യുണൈറ്റഡിനെതിരേ രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് റൊണാള്‍ഡോ ആരാധകരുടെ മനം കവര്‍ന്നു. പിന്നാലെ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരേയും സ്‌കോര്‍ ചെയ്തു. 

ജൊവാവോ ക്യാന്‍സെലോ, ആന്റോണിയോ റൂഡിഗര്‍, അലന്‍ സെയ്ന്റ് മാക്‌സിമിന്‍, മുഹമ്മദ് സല, ഇസ്മാലിയ സാര്‍ എന്നീ താരങ്ങളാണ് പുരസ്‌കാരത്തിനുവേണ്ടി റൊണാള്‍ഡോയ്‌ക്കൊപ്പം അവസാന റൗണ്ടില്‍ മാറ്റുരച്ചത്. ഈ അഞ്ചുപേരെയും മറികടന്നാണ് റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയത്. 

Content Highlights: Cristiano Ronaldo named Premier League's player of the month for September 2021