ടൂറിന്‍: ചാമ്പ്യന്‍സ് ലീഗ് ഹോം മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും. ഇരുവരും ഇതുവരെ 70 ഗോളുകള്‍ വീതം നേടി പട്ടികയില്‍ ഒന്നാമതായി നില്‍ക്കുകയാണ്.
ഇത്രയും കാലം മെസ്സിക്ക് മാത്രമായിരുന്നു ഈ റെക്കോഡ്. എന്നാല്‍ ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ യുവന്റസിനായി ഗോള്‍ നേടിയതോടെ റൊണാള്‍ഡോ മെസ്സിയ്‌ക്കൊപ്പമെത്തി. ഫെറെന്‍സ്വാരോസിനെതിരെയായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍.
ഇന്നലെ ബാഴ്‌സലോണ 4-1 ന് ജയിച്ചെങ്കിലും മെസ്സി ഇറങ്ങിയിരുന്നില്ല. വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി റൊണാള്‍ഡോ 70 ഗോളുകള്‍ നേടിയപ്പോള്‍ മെസ്സി നേടിയ ഗോളുകളെല്ലാം ബാര്‍സലോണയ്ക്ക് വേണ്ടിയായിരുന്നു. നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോഡ് ക്രിസ്റ്റ്യാനോയുടെ പേരിലാണ് . 172 മത്സരങ്ങളില്‍ നിന്നുമായി 131 ഗോളുകളാണ് താരം നേടിയിരിക്കുന്നത്. രണ്ടാമതുള്ള മെസ്സി 118 ഗോളുകളാണ് നേടിയിട്ടുള്ളത്.
ഡിസംബര്‍ 9 ന് റൊണാള്‍ഡോയും മെസ്സിയും പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ് ബാര്‍സലോണയെ നേരിടും. ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ബാര്‍സയ്ക്കായിരുന്നു വിജയം.നിലവില്‍ ഗ്രൂപ്പില്‍ ബാര്‍സ ഒന്നാമതും യുവന്റസ് രണ്ടാമതുമാണ്.
Content Highlights: Cristiano Ronaldo matches Lionel Messi's elusive Champions League record with 70th home goal