ലണ്ടന്‍: ലയണല്‍ മെസ്സിയുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും 10 വര്‍ഷം നീണ്ട അപ്രമാദിത്വം അവസാനിപ്പിച്ചാണ് ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന്റെ കൈകളിലെത്തിയത്.

റൊണാള്‍ഡോയെയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്നിലാക്കിയാണ് മോഡ്രിച്ചിന്റെ ചരിത്രനേട്ടം. രാജ്യത്തിനായി ലോകകപ്പിലും റയലിനായി ചാമ്പ്യന്‍സ് ലീഗിലും നടത്തിയ മികച്ച  പ്രകടനമാണ് മോഡ്രിച്ചിന് പുരസ്‌കാരം നേടിക്കൊടുത്തത്. എന്നാല്‍ 2007-ന് ശേഷം തങ്ങളെ കൂടാതെ മറ്റൊരാള്‍ പുരസ്‌കാരം വാങ്ങുന്നത് കാണാന്‍ എത്താതിരുന്ന മെസ്സിയുടേയും റൊണാള്‍ഡോയുടേയും നടപടി വിവാദത്തിലായിരിക്കുകയാണ്.

2008-ല്‍ ഈ പുരസ്‌കാരം ക്രിസ്റ്റ്യാനോയും 2009-ല്‍ മെസ്സിയും നേടി. 2010 മുതല്‍ ഫിഫയും ഫ്രാന്‍സ് ഫുട്ബോള്‍ മാസികയും ചേര്‍ന്ന് ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരമായി. 2016-ല്‍ പുരസ്‌കാരങ്ങള്‍ വേര്‍പിരിഞ്ഞ് ഫിഫ ദി ബെസ്റ്റും ബാലണ്‍ ദ്യോറുമായി. പേര് മാറിയെങ്കിലും അഞ്ചു തവണ വീതം ക്രിസ്റ്റ്യനോയും മെസ്സിയും പുരസ്‌കാരം നേടി. 

എന്നാല്‍ ഇത്തവണ മറ്റൊരാള്‍ ആദ്യമായി ആ പുരസ്‌കാരത്തിന് അര്‍ഹനായപ്പോള്‍ ചടങ്ങില്‍ പങ്കെടുക്കാതെ മെസ്സിയും റോണോയും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇരുവരും പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസകളറിയിക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിന്റെ അവതാരകരും സൂപ്പര്‍ താരങ്ങളുടെ അസാന്നിധ്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. താരങ്ങളുടെ ഈ നടപടി സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റിന് എതിരാണെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം.

മുന്‍ ഇറ്റാലിയന്‍ താരവും പരിശീലകനുമായ ഫാബിയോ കാപ്പെല്ലോ, ചടങ്ങില്‍ പങ്കെടുക്കാതിരുന്ന മെസ്സിയുടേയും റൊണാള്‍ഡോയുടേയും നടപടിയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കളിക്കാരോടും ഫിഫയോയും ഫുട്‌ബോള്‍ ലോകത്തോടും ബഹുമാനമില്ലാത്തിനാലാണ് ഇരുവരും ഇത്തരത്തില്‍ പെരുമാറിയതെന്ന് കാപ്പെല്ലോ തുറന്നടിച്ചു. അവര്‍ കുറേ എണ്ണം വിജയിച്ചതാണ് അതുകൊണ്ടു തന്നെ അവര്‍ക്ക് അത് നഷ്ടമാകുന്നതു കാണാന്‍ തീരെ താല്‍പ്പര്യം ഉണ്ടാകില്ല. എന്നാല്‍ ജീവിതത്തില്‍ ജയത്തിലും തോല്‍വിയിലും നിങ്ങള്‍ നല്ല മാതൃക കാണിക്കണമായിരുന്നു, കാപ്പെല്ലോ കൂട്ടിച്ചേര്‍ത്തു.

യുറഗ്വായ് താരം ഡിയഗോ ഫോര്‍ലാനും ഇരു താരങ്ങള്‍ക്കുമെതിരേ രംഗത്തെത്തി. മെസ്സിയും റൊണാള്‍ഡോയും കുറച്ചുകൂടി മികച്ച മാതൃക കാണിക്കേണ്ടതായിരുന്നുവെന്ന് ഫോര്‍ലാന്‍ ചൂണ്ടിക്കാട്ടി. തീര്‍ത്തും ലജ്ജ തോന്നുന്ന നടപടിയാണ് ഇരുവരുടെയും ഭാഗത്തു നിന്ന് ഉണ്ടായതെന്നും ഫോര്‍ലാന്‍ പറഞ്ഞു. ആര് ജയിച്ചാലും തോറ്റാലും ഇരു താരങ്ങളും എത്തേണ്ടിയിരുന്നെന്നും ഡിയേഗോ ഫോര്‍ലാന്‍ കൂട്ടിച്ചേര്‍ത്തു.

മെസ്സി ചടങ്ങിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം വ്യക്തിപരമായ കാരണങ്ങളാല്‍ ലണ്ടനില്‍ എത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു. യുവെന്റസിന്റെ മത്സരങ്ങള്‍ കാരണമാണ് എത്താന്‍ സാധിക്കാത്തതെന്ന് റൊണാള്‍ഡോയും അറിയിച്ചു. 

2007-ന് ശേഷം ഫിഫയുടെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരം മെസ്സിയോ റൊണാള്‍ഡോയോ അല്ലാതെ വേറെ ഒരാള്‍ നേടുന്നത് ഇത് ആദ്യമായാണ്. 29.05 ശതമാനം വോട്ടു നേടിയാണ് മോഡ്രിച്ച് ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയത്. രണ്ടാമതെത്തിയ റൊണാള്‍ഡോയ്ക്ക് 19 ശതമാനം വേട്ടുമാത്രമാണ് ലഭിച്ചത്. മൂന്നാമതെത്തിയ മുഹമ്മദ് സലായ്ക്ക് 11.2 ശതമാനവും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്ക് 10 ശതമാനവും മെസ്സിക്ക് ഒന്‍പത് ശതമാനവും വോട്ടുകളാണ് ലഭിച്ചത്.

Content Highlights: cristiano ronaldo lionel messi luka modric fifa best men's player award