മാഡ്രിഡ്: നഗരവൈരവും ചിരവൈരവും എന്നും ഫുട്‌ബോളിന്റെ സൗന്ദര്യം വര്‍ധിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ്. പ്രീമിയര്‍ ലീഗില്‍ ഡര്‍ബികളാണെങ്കില്‍ സ്‌പെയിനിലെത്തുമ്പോള്‍ അത് എല്‍ ക്ലാസിക്കോയാണ്.
സ്പാനിഷ് ലീഗിലെയെന്നു മാത്രമല്ല, ലോക ഫുട്‌ബോളിലെ തന്നെ വമ്പന്‍ ക്ലബ്ബുകളാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ ലോകം അതിനെ എല്‍ ക്ലാസിക്കോയെന്നു വിളിക്കുന്നു.
റൊണാള്‍ഡോയും ബെക്കാമും റൗളും കക്കയും ഫിഗോയും മെക്കലേലയും ഏറ്റുവും പ്യുയോളും റൊണാള്‍ഡീന്യോയും റിവാള്‍ഡോയും, എന്തിന് സാക്ഷാല്‍ മറഡോണ വരെ അണിനിരന്ന ഇരു ടീമുകളുടേയും കഴിഞ്ഞ കുറേകാലത്തെ ശ്രദ്ധാകേന്ദ്രങ്ങള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമായിരുന്നു.
ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, കഴിഞ്ഞ 11 വര്‍ഷമായി എല്‍ ക്ലാസിക്കോ എന്നത് ആരാധകര്‍ക്ക് റൊണാള്‍ഡോ-മെസ്സി പോരാട്ടമാണ്. ഇരുവരും ഏറ്റുമുട്ടിയ എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലീഗ് ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 11 വര്‍ഷത്തിനിടെ നടന്ന ബാഴ്‌സ-റയല്‍ മത്സരങ്ങളെല്ലാംതന്നെ വീറും വാശിയും കളിക്കളത്തിലും പ്രകടമായിട്ടുള്ളവയായിരുന്നു.
എന്നാല്‍ ഇത്തവണ ഇരു ക്ലബ്ബുകളുടേയും ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടമാണ് വരാനിരിക്കുന്നത്. റോണോ റയല്‍ വിട്ടതോടെ എല്‍ ക്ലാസിക്കോയുടെ മാറ്റ് പകുതി കുറഞ്ഞിരുന്നു. ഇപ്പോഴിതാ എല്‍ ക്ലാസിക്കോയ്ക്ക് ഇറങ്ങുന്ന ബാഴ്‌സ നിരയില്‍ മെസ്സിയും ഉണ്ടാകില്ല.
സ്പാനിഷ് ലീഗില്‍ സെവിയ്യക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ മെസ്സിക്ക് പരിക്കേറ്റിരുന്നു. ഇതോടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായിരുന്ന രണ്ടു താരങ്ങള്‍ ഇല്ലാതെയാകും ഇത്തവണത്തെ എല്‍ ക്ലാസിക്കോ അരങ്ങേറുക. 11 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രണ്ടു താരങ്ങളില്‍ ഒരാള്‍ പോലും ഇല്ലാതെ ഒരു എല്‍ ക്ലാസിക്കോ നടക്കാന്‍ പോകുന്നത്.
റൊണാള്‍ഡോയും മെസ്സിയുമില്ലാതെ എന്ത് എല്‍ ക്ലാസിക്കോയെന്നാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകം ചോദിക്കുന്നത്. 2007-നു ശേഷം ഇതാദ്യമായാണ് മെസ്സിയും റൊണാള്‍ഡോയുമില്ലാതെ ബാഴ്‌സ-റയല്‍ മത്സരം നടക്കാന്‍ പോകുന്നത്. 2008-വരെ എല്‍ ക്ലാസിക്കോയിലെ മിന്നുംതാരമായി മെസ്സിയുണ്ടായിരുന്നു. 2009-ലാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റൊണാള്‍ഡോ റയലിലെത്തുന്നത്.
2004-ല്‍ ബാഴ്സലോണയിലെത്തിയ ശേഷം മെസിക്ക് രണ്ടുതവണ മാത്രമാണ് എല്‍ ക്ലാസിക്കോ നഷ്ടമായിട്ടുള്ളത്. എല്‍ ക്ലാസിക്കോ ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് 26 ഗോളുകളോടെ മെസ്സിയുടെ പേരിലാണ്. 18 വീതം ഗോളുകളോടെ റൊണാള്‍ഡോയും ആല്‍ഫ്രഡോ ഡി സ്റ്റെഫാനോയും രണ്ടാമതുണ്ട്.
Content Highlights: cristiano ronaldo lionel messi less el clasico for first time in a decade